മരട് ഫ്ലാറ്റ്: ഒക്ടോബര്‍ നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ; 60 ദിവസത്തിനകം പൂര്‍ത്തിയാക്കും; വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും; നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing മരട് ഫ്ലാറ്റ്: ഒക്ടോബര്‍ നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ; 60 ദിവസത്തിനകം പൂര്‍ത്തിയാക്കും; വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും; നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഒക്ടോബര്‍ നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ. 60 ദിവസത്തിനകം പൂര്‍ത്തിയാക്കും. ചീഫ് എന്‍ജിനിയര്‍ നല്‍കിയ രൂപരേഖ ചെറിയ ഭേദഗതികളോടെ നഗരസഭാ സെക്രട്ടറി സര്‍ക്കാരിന് നല്‍കും. ഇതാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലത്തിനൊപ്പം നല്‍കുക.
നാല് ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും.

ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും കത്ത് നല്‍കിയിരുന്നു. ഇവിടേക്കുള്ള പാചകവാതക വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കമ്പനികളോടും ആവശ്യപ്പെടും. അതേസമയം മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം. ഉടമകളെ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ പരിഗണിക്കും. ഫ്‌ളാറ്റ് പൊളിക്കാതെ നിവൃത്തിയില്ലെന്ന് ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു. ഫ്‌ളാറ്റ് പൊളിക്കലിന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിനാണ് ചുമതല.

പുതിയ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനും പകരം താമസ സൗകര്യം ഒരുക്കുന്നതിനും ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതും ഉള്‍പ്പടെയുള്ള ചുമതലകള്‍ സ്‌നേഹില്‍ കുമാര്‍ ഐ.എ.എസിനായിരിക്കും.

സുപ്രിം കോടതി ഉത്തരവനുസരിച്ച് ഫ്‌ളാറ്റ് പൊളിക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മരട് ഫ്‌ളാറ്റ് പൊളിക്കലിലെ കോടതി ഉത്തരവ് പാലിക്കാത്തതിന്‍റെ പേരില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി സുപ്രിം കോടതി ശകാരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നത്. സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വെള്ളിയാഴ്ച സുപ്രിം കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കുകയാണ്.

0Shares