മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടി; സുപ്രീം കോടതി ഉത്തരവ് പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണെന്ന് കോടിയേരി

  • Post category:news
  • Reading time:1 min read
You are currently viewing മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടി; സുപ്രീം കോടതി ഉത്തരവ് പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണെന്ന് കോടിയേരി

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്‌ളാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

ഫ്‌ളാറ്റിലെ താമസക്കാര്‍ അവരുടെതാല്ലാത്ത കാരണത്താലാണ് ഒഴിഞ്ഞുപോകാന്‍ കോടതി പറയുന്നത്. നിയമലംഘനം നടത്തിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മരടില്‍ കയ്യേറ്റത്തില്‍ ഒരു പങ്കുമില്ലാത്ത താമസക്കാരെ ശിക്ഷിക്കുന്ന തരത്തിലാണ് നടപടിയുണ്ടായിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് മനുഷ്യത്വപരമായ നടപടിയുണ്ടാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

അതേസമയം മരട് നഗരസഭയുടെ ഫ്‌ളാറ്റ് കുടിയൊഴിപ്പിക്കല്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉടമകള്‍. ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കുന്നതിനൊപ്പം 140 എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്വമുള്ളവര്‍ തന്നെ നീതി നിഷേധം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ളാറ്റുടമകള്‍ ഹൈക്കോടതിയെ സമീപിക്കുക.

ഫ്ളാറ്റ് ഒഴിയാന്‍ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ഹര്‍ജി സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി ഫ്ളാറ്റ് ഉടമകള്‍ തിങ്കളാഴ്ച നഗരസഭയിലെത്തി നോട്ടീസ് കൈപ്പറ്റും. അതിനിടെ നിലവിലെ നടപടി വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് കൈമാറി. കഴിഞ്ഞ ദിവസം നഗരസഭ നോട്ടീസ് നല്‍കാന്‍ എത്തിയിരുന്നെങ്കിലും ഭൂരിഭാഗം പേരും കൈപ്പറ്റാന്‍ വിസമ്മതിച്ചിരുന്നു.

0Shares