
വി.എസ്. ശ്യാംലാല്‍
മമ്മൂട്ടി എന്ന താരത്തെക്കാള്‍ വളരെ വലിപ്പത്തില്‍ നില്‍ക്കുന്നത്, നമ്മളെല്ലാവരും സ്‌നേഹിക്കുന്നത് മമ്മൂട്ടി എന്ന നടനെയാണ്. സമീപകാലത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്‍റെ താരമൂല്യം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവുമായി സൃഷ്ടിക്കപ്പെട്ടവയായിരുന്നു. തീര്‍ച്ചയായും താരമൂല്യമുള്ള നടന്‍ തന്നെയാണ് മമ്മൂട്ടി. അതിന് വിപണന സാദ്ധ്യതയുമുണ്ട്. എന്നാല്‍, താരത്തെക്കാളുപരി മഹാനടനാണ് അദ്ദേഹമെന്ന് ഈ മാസ് എന്റര്‍ടെയ്‌നറുകള്‍ സൃഷ്ടിച്ച സംവിധായകര്‍ മറന്നുവോ എന്ന സംശയം ഒരു സാദാ പ്രേക്ഷകന്‍ മാത്രമായ എനിക്കുണ്ട്.
പരോള്‍ വേറിട്ടു നില്‍ക്കുന്നത് അതിനാല്‍ത്തന്നെയാണ്. താരമൂല്യത്തിന്‍റെ തടവറയില്‍ നിന്ന് മമ്മൂട്ടിക്ക് ശരിക്കുമൊരു ‘പരോള്‍’ തന്നെയാണ് ശരത് സന്ദിത്ത് നല്‍കിയിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് പരോളിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. ഈ സിനിമയെ മമ്മൂട്ടി ചുമലിലേറ്റിയിരിക്കുന്നു എന്നു പറഞ്ഞാലും തെറ്റില്ല. തന്‍റെ പെങ്ങള്‍ക്കുവേണ്ടി എല്ലാം ത്യജിക്കുന്ന സഹോദരനായും, മകനുമായി ഒരുമിക്കാന്‍ ശ്രമിക്കുന്ന അച്ഛനായും അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല, പെരുമാറുകയായിരുന്നു. മികച്ച പ്രകടനം ആവശ്യപ്പെടുന്ന തിരക്കഥ വന്നാല്‍ മമ്മൂട്ടി തകര്‍ക്കും എന്നുള്ളതിന് മറ്റൊരു തെളിവ് കൂടി.

സംഭവകഥ ഉയര്‍ത്തുന്ന ചോദ്യം
തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വാര്‍ഡനായിരുന്നു കുറച്ചുകാലം മുമ്പു വരെ അജിത് പൂജപ്പുര. അവിടെ നിന്ന് കണ്ടെടുത്തതാണ് ഈ കഥ. യഥാര്‍ത്ഥ സംഭവകഥ. പക്ഷേ, സംഭവകഥയെ അടിസ്ഥാനമാക്കിയെന്നു പറയുമ്പോള്‍ ഈ സിനിമ മുന്നോട്ടുവെയ്ക്കുന്ന ഒരു പ്രധാന ബോദ്ധ്യമുണ്ട് -നമ്മുടെ നിയമസംവിധാനം എത്ര ദുര്‍ബലമാണെന്ന്. അത് സത്യമാണു താനും.
ഇതുവരെയുള്ള സിനിമകളില്‍ കണ്ട ജയില്‍ രംഗങ്ങളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ് പരോളിലേത്. ഇത്രയും കാലം ജയില്‍ രംഗങ്ങള്‍ എഴുതിയത് വെറും തിരക്കഥാകൃത്തുക്കളാണ് എന്നതാവാം കാരണം. അവരുടെ ഭാവനാസൃഷ്ടിയിലെ ജയില്‍ യഥാര്‍ത്ഥ രൂപമാവണമെന്നില്ല. എന്നാല്‍, പരോളിലെ ഈ രംഗങ്ങള്‍ എഴുതിയത് ജയിലിനുള്ളില്‍ വര്‍ഷങ്ങളോളം ചെലവിട്ട ഒരുദ്യോഗസ്ഥനാണ്. ജയില്‍ എന്താണെന്നും തടവുകാര്‍ എങ്ങനെയാണെന്നും വ്യക്തമായി അറിയാവുന്നയാള്‍. അതിനാല്‍ത്തന്നെ ജയിലില്‍ സ്വാഭാവികമായി നമ്മളെല്ലാവരും പ്രതീക്ഷിക്കുന്ന, ഇതുവരെ കണ്ടുവന്നിട്ടുള്ള അതിഭാവുകത്വമില്ല.
മമ്മൂട്ടിയുടെ അലക്‌സ് ഒരു യാഥാര്‍ത്ഥ്യമാണ്. അദ്ദേഹം ഇപ്പോഴും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഉണ്ട്. സിദ്ദിഖിന്‍റെ അബ്ദുവും സുരാജിന്‍റെ വര്‍ഗ്ഗീസുമെല്ലാം പുറത്തുമുണ്ട്. കഥാപാത്രങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ മനുഷ്യരെ -ഒരു കൗതുക വാര്‍ത്തയുടെ പേരിലെങ്കിലും -ആരെങ്കിലും അന്വേഷിച്ചിറങ്ങിയാല്‍ അവിടെയായിരിക്കും ട്വിസ്റ്റ്. തങ്ങളുടെ കഥ സിനിമയായത് കാണാന്‍ ഇവരൊക്കെ തിയേറ്ററില്‍ എത്തുമായിരിക്കും. എന്നു നിന്‍റെ മൊയ്തീനു ശേഷം സിനിമയെ കഥാപാത്രങ്ങളെ ജീവിതത്തിലെ മനുഷ്യര്‍ സന്ധിക്കുന്ന മറ്റൊരു രംഗം. മൊയ്തീന്‍റെ സുഹൃത്തായ മുക്കം ഭാസിയെപ്പോലെ അലക്‌സിന്‍റെ സുഹൃത്തായ അബ്ദു.
ഏതാണ്ട് 4 വര്‍ഷം മുമ്പാണ് അജിത് ഈ തിരക്കഥയെഴുതുന്നത്. എഴുതി തീര്‍ന്നപ്പോള്‍ തന്നെ അവന്‍ നിശ്ചയിച്ചിരുന്നു ഈ റോള്‍ മമ്മൂട്ടിക്കുള്ളതാണെന്ന്. ആ സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത്. ഉറപ്പിച്ചുപറയാം, മമ്മൂട്ടി അജിത്തിനെ നിരാശപ്പെടുത്തിയില്ല.

സംവിധായകന്‍റെ സൂക്ഷ്മത
കഴിവു തെളിയിച്ച പരസ്യസംവിധായകനാണ് ശരത് സന്ദിത്ത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് പോലെ ഒട്ടേറെ മികച്ച പരസ്യങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. പരസ്യങ്ങളിലൂടെ തന്നെ വര്‍ഷങ്ങളായി മമ്മൂട്ടിയുമായി അടുത്ത ബന്ധവുമുണ്ട്. ശരത്തിന്‍റെ ആദ്യ സിനിമയാണ് പരോള്‍. മോശമാക്കിയില്ല എന്നു പറയാം. ഇനിയും നന്നാക്കാമായിരുന്നു എന്നും ഞാന്‍ പറയും.
നിര്‍മ്മാതാവ് ആന്റണി ഡിക്രൂസ്, സംവിധായകന്‍ ശരത് സന്ദിത്ത് എന്നിവര്‍ വളരെ സൂക്ഷ്മത ആവശ്യമായ മേഖലയാണ് പരസ്യചിത്രം. ദൃശ്യത്തിലെ ചെറിയൊരു മാറ്റം പോലും വിപണനത്തെ സ്വാധീനിക്കും. അതിനാല്‍ത്തന്നെ ഫ്രെയിമില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ പോലും പ്രത്യേകം ശ്രദ്ധിക്കും. ആ ശ്രദ്ധ ഈ സിനിമയില്‍ കാണാം. ഒരുദാഹരണം പറയാം. ചിത്രത്തിന്‍റെ ആദ്യ പകുതിയില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന വര്‍ഗ്ഗീസിനെ പൊലീസുകാരും പട്ടാളക്കാരും ചേര്‍ന്ന് ഓടിക്കുന്ന രംഗമുണ്ട്. ഓട്ടത്തിനിടെ തെന്നിവീണ് ഒരു പൊലീസുകാരന്‍റെ കാലില്‍ മുറിവുണ്ടാവുന്നു. ആ പൊലീസുകാരനിലേക്കും അദ്ദേഹത്തിന്‍റെ മുറിവുകളിലേക്കും ക്യാമറ വല്ലാതെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. എന്തിനായിരുന്നുവെന്ന് എനിക്ക് സത്യമായിട്ടും മനസ്സിലായില്ല.
പരസ്യത്തില്‍ ആവശ്യമാണെങ്കിലും സിനിമയുടെ പ്രയാണത്തില്‍ ഇത്തരം ശ്രദ്ധ തീര്‍ത്തും അനാവശ്യമാണ്. ഇത്തരം അമിതശ്രദ്ധ പ്രധാന കഥയില്‍ നിന്നുള്ള വ്യതിയാനത്തിനു കാരണമാകുന്നു. പരോളിന്‍റെ ഒന്നാം പകുതിയില്‍ ചെറിയൊരു മെല്ലെപ്പോക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനു കാരണം ഇതാണ്. മമ്മൂട്ടിയെന്ന മാസ് ആക്ടറെ പ്രയോജനപ്പെടുത്താന്‍ ചില ശ്രമങ്ങള്‍ ശരത് നടത്തിയതും കാണാതെ പോകുന്നില്ല. ബാഹുബലി പ്രഭാകറെ ഇറക്കിയതും മമ്മൂട്ടി ജയിലിനുള്ളില്‍ അദ്ദേഹത്തെ പറന്നിടിച്ചതുമെല്ലാം ഇതിന്‍റെ ഭാഗമാണ്. അതൊഴിച്ചുനിര്‍ത്തിയാല്‍ മമ്മൂട്ടിയെന്ന നടനു തന്നെയാണ് സ്ഥാനം. ഈ സിനിമയുടെ നന്മയും അതാണ്.
ഒന്നാം പകുതിയില്‍ വന്ന പാളിച്ചകളെല്ലാം രണ്ടാം പകുതിയില്‍ ശരത് ഒഴിവാക്കുന്നുണ്ട്. സംവിധാനശൈലി തന്നെ മാറിപ്പോയെന്നു തോന്നിപ്പിക്കുന്ന മാറ്റം. ചിത്രീകരണം പുരോഗമിച്ച വേളയില്‍ സ്വയം പഠിച്ചതാവാം. അതിന്‍റെ മേന്മ ശരിക്കും അനുഭവപ്പെടുന്നുണ്ട്. മമ്മൂട്ടിയുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ സംവിധായകന്‍ ഒരു പരിധി വരെ വിജയിച്ചു. പരോളിന്‍റെ നിലനില്പ് ആ അടിസ്ഥാനത്തിലാണ്. ശരത്തിന്‍റെ ദൃശ്യബോധം അസാമാന്യമാണ്. ജയിലിന്‍റെ ഏരിയല്‍ ഷോട്ടില്‍ തുടങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഫ്രെയിം മുതല്‍ അതു പ്രകടം. ക്യാമറയ്ക്കു പിന്നില്‍ നിന്ന ലോകനാഥന്‍ ശരിക്കും നമുക്കൊരു ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നു.
എന്നാല്‍, ചിത്രസംയോജനം നിര്‍വ്വഹിച്ച സുരേഷ് അരശിനെപ്പറ്റി ഞാനങ്ങനെ പറയില്ല. അലക്‌സിന്‍റെ വിവാഹം കഴിഞ്ഞ് പുറത്തിറങ്ങുന്ന രംഗത്തില്‍ തുടര്‍ച്ച പാളിയത് എഡിറ്റിങ് ടേബിളിലെ അശ്രദ്ധയ്ക്കുദാഹരണം. സാധാരണ പ്രേക്ഷകര്‍ ഇത് ശ്രദ്ധിക്കില്ലെന്നത് വേറെ കാര്യം. 2 മണിക്കൂര്‍ 29 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. സുരേഷ് ചെറുതായൊന്നു ശ്രമിച്ചിരുന്നുവെങ്കില്‍ ഒരു 20 മിനിറ്റെങ്കിലും ആദ്യ പകുതിയില്‍ വെട്ടിക്കളയാമായിരുന്നു. ഇപ്പോള്‍ തോന്നിക്കുന്ന മെല്ലെപ്പോക്ക് ഒഴിവാക്കാമായിരുന്നു. ഏറെക്കാലത്തിനു ശേഷം ശരത് ഈണമിട്ട പാട്ടുകള്‍ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ആ അറബിപ്പാട്ട് വിശേഷിച്ചും.

അലക്‌സിന്‍റെ തടവും പരോളും
ജന്മനാ കുറ്റവാളികളല്ലാത്ത എല്ലാ തടവുകാര്‍ക്കും അവര്‍ ചെയ്ത ‘കുറ്റ’ത്തിന് അവരുടേതായ ന്യായമുണ്ട് -പരോള്‍ എന്ന സിനിമ ഇതാണ്. അലക്‌സ് എന്ന തടവുകാരനായ നായകന് മുന്നോട്ടുവെയ്ക്കാനുള്ള ന്യായത്തിന്‍റെ കഥ. ജയിലിലെ മേസ്തിരിമാരില്‍ ഒരാളാണ് അലക്‌സ്. കാവലിന് വാര്‍ഡന്മാര്‍ ഉണ്ടെങ്കിലും ജയിലിലെ ദൈനംദിന കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റുന്നത് തടവുകാര്‍ തന്നെയായ, നല്ല നടപ്പുകാരായ മേസ്തിരിമാരാണ്. അടുത്ത സെല്ലിലെ തടവുകാരന്‍റെ ചോദ്യത്തിനുത്തരമായാണ് അലക്‌സ് തന്‍റെ ജീവിതകഥ പറയുന്നത്.
കൗമാരക്കാരനായ അലക്‌സിന്‍റെ മനസ്സില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കോറിയിടുന്നത് അപ്പനായ പീലിപ്പോസാണ്. അലന്‍സിയറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പി.കൃഷ്ണപിള്ളയുടെ ആശയങ്ങളില്‍ അകൃഷ്ടനായ പീലിപ്പോസ് കൊറ്റാമം എന്ന കുടിയേറ്റ ഗ്രാമത്തിലെ മുതലാളിയുടെ ചൂഷണത്തിനെതിരെ തൊഴിലാളികളെ സംഘടിപ്പിക്കുന്നു, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കുന്നു, ചെങ്കൊടി സ്ഥാപിക്കുന്നു. പീലിപ്പോസിന്‍റെ മരണശേഷം അലക്‌സ് പാര്‍ട്ടി പ്രാദേശിക നേതൃത്വം ഏറ്റെടുക്കുകയാണ്.
പീലിപ്പോസിന് മറ്റൊരു സ്ത്രീയിലുണ്ടായ മകളാണ് മിയ ജോര്‍ജ്ജ് അവതരിപ്പിച്ച കത്രീന. അലക്‌സിന്‍റെ 3 ചേച്ചിമാരും കത്രീനയെ തള്ളിപ്പറയുന്നു. എന്നാല്‍, അപ്പനോടുള്ള സ്‌നേഹത്തിന്‍റെ പേരില്‍ കത്രീനയെ അലക്‌സ് ജീവനു തുല്യം സ്‌നേഹിക്കുകയാണ്. സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന കരസേനാ ഉദ്യോഗസ്ഥനായ വര്‍ഗ്ഗീസിനെക്കൊണ്ട് കത്രീനയെ അലക്‌സ് വിവാഹം ചെയ്യിക്കുന്നു. വിവാഹശേഷമാണ് വര്‍ഗ്ഗീസ് മഹാ തെമ്മാടിയാണെന്ന് എല്ലാവരും അറിയുന്നത്. പട്ടാളക്കോടതിയുടെ വിചാരണയ്ക്കു വിധേയനായി അയാള്‍ പിരിച്ചുവിടപ്പെടുന്നു. വര്‍ഗ്ഗീസിന് വിദേശത്തു പോകുന്നതിന് സ്വന്തം വീട് പണയം വെച്ച് അലക്‌സ് പണം നല്‍കുന്നു. എന്നാല്‍, വര്‍ഗ്ഗീസ് അത് ധൂര്‍ത്തടിച്ചു തീര്‍ക്കുന്നു.
വര്‍ഗ്ഗീസ് പിന്നീട് കഞ്ചാവ് കടത്തിനും മ്ലാവിനെ വേട്ടയാടുന്നതിനുമൊക്കെ വനം വകുപ്പുകാരുടെ പിടിയിലാവുന്നുമുണ്ട്. എല്ലാ പ്രതിസന്ധി ഘട്ടത്തിലും രക്ഷയ്‌ക്കെത്തുന്ന അലക്‌സിനോട് എന്തുകൊണ്ടോ വര്‍ഗ്ഗീസിന് വിദ്വേഷമാണ്. ഇത്തരത്തില്‍ പെങ്ങളെയും ഭര്‍ത്താവിനെയും സഹായിക്കാന്‍ സ്വീകരിക്കുന്ന നടപടികളാണ് ഒടുവില്‍ അലക്‌സിന്‍റെ ജീവിതം സെന്‍ട്രല്‍ ജയിലില്‍ ആക്കുന്നത്. ഇടവേളയിലേക്ക് എത്തുന്ന, അലക്‌സിനെ ജയിലിലെത്തിക്കുന്നതിനു കാരണമായ ആ ഷോട്ടാണ് ഈ സിനിമയില്‍ ഏറ്റവും ശക്തം എന്നു തോന്നുന്നു. ഇടവേളയെത്തുമ്പോള്‍ ഏതൊരാള്‍ക്കും രണ്ടാം പകുതിയില്‍ എന്താണ് സംഭവിക്കുക എന്ന് അനായാസം പ്രവചിക്കാനാവുന്ന രീതിയിലാണ് കഥാഗതി. സ്വാഭാവികമായും ആ പ്രവചനം നടത്തിയ എനിക്കും വിഷയം കൈകാര്യം ചെയ്തതില്‍ വ്യത്യസ്തത വല്ലതും പുലര്‍ത്തിയിട്ടുണ്ടാവുമോ എന്നറിയുക മാത്രമായി ലക്ഷ്യം. എന്നാല്‍, മനസ്സില്‍ പ്രവചിച്ച ഒന്നും സീനില്‍ പിന്നീട് ഞാന്‍ കണ്ടില്ല. ട്വിസ്റ്റ് -ട്വിസ്‌റ്റോട് ട്വിസ്റ്റ്.
അലക്‌സിന് പരോള്‍ ലഭിക്കുന്നു -14 ദിവസത്തെ സംഭവബഹുലമായ പരോള്‍!! രണ്ടാം പകുതി സംഭവബഹുലം!!! പ്രേക്ഷകരുടെ പ്രവചനപരതയെ രണ്ടാം പകുതിയില്‍ വിജയകരമായി മറികടക്കാനായി എന്നതാണ് പരോളിന്‍റെ വിജയം. മകനെ ഫോണ്‍ ചെയ്യുമ്പോള്‍ മറുപടിയില്ലാതെ വരികയും അനുവദിക്കപ്പെട്ട പരോള്‍ റദ്ദാക്കപ്പെടുകയും പെങ്ങളുടെ മരണത്തിന് പോകാനാവാതെ വരികയുമൊക്കെ ചെയ്യുന്ന രംഗങ്ങളില്‍ ‘പഴയ’ മമ്മൂട്ടിയെ കണ്ടത് ആഹ്ലാദമുണര്‍ത്തി. മറ്റുള്ളവരെ സഹായിക്കേണ്ട ഘട്ടങ്ങളില്‍ സര്‍വ്വശക്തനും സ്വന്തം കുടുംബത്തിന്‍റെ കാര്യത്തില്‍ അതീവദുര്‍ബലനുമായ നായകനെ കാണുമ്പോള്‍ ഇയാളെന്താ ഇങ്ങനെ എന്നു പ്രേക്ഷകന് തോന്നുന്നുവെങ്കില്‍ അത് മമ്മൂട്ടി എന്ന നടന്‍റെ വിജയം തന്നെയാണ്.
അലക്‌സിന്‍റെ ഭാര്യ ആനിയായി ഇനിയയും പെങ്ങള്‍ കത്രീനയായി മിയയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അലക്‌സിന്‍റെ സുഹൃത്ത് അബ്ദുവായി സിദ്ദിഖ് പതിവുപോലെ തകര്‍ത്തു. സിദ്ദിഖിന്‍റെ പ്രകടനം മികച്ചുനിന്നു എന്നു പറയുന്നത് ഇപ്പോള്‍ ഒരു ശീലമായിരിക്കുന്നു. വി.കെ.പ്രകാശ്, ലാലു അലക്‌സ്, കൃഷ്ണകുമാര്‍, സിജോയ് വര്‍ഗ്ഗീസ്, ഇര്‍ഷാദ്, പദ്മരാജ് രതീഷ്, ജുബി നൈനാന്‍, സുധീര്‍ കരമന, അലന്‍സിയര്‍ ലെ ലോപ്പസ്, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, കലാശാല ബാബു, കലിംഗ ശശി, ചെമ്പില്‍ അശോകന്‍, മുത്തുമണി, അരിസ്‌റ്റോ സുരേഷ്, ഹര്‍ഷിത എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട്. പക്ഷേ, ഇവര്‍ക്കെല്ലാം മുകളില്‍ സുരാജ് വെഞ്ഞാറമ്മൂടാണ്. ചുറ്റുമുള്ളവരുടെയെല്ലാം ജീവിതം കുട്ടിച്ചോറാക്കുന്ന, അലോസരപ്പെടുത്തുന്ന അളിയനായി സുരാജ് കസറി.

സൗഹൃദത്തിന്‍റെ ആഘോഷം
1990കളുടെ ആദ്യ പകുതിയില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ചവരില്‍ സുഗുണനെ അറിയാത്തവരായി ആരുമുണ്ടെന്നു തോന്നുന്നില്ല. കോളേജിലെ സമരങ്ങളടക്കം ‘എല്ലാവിധ’ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുണ്ടായിരുന്ന, വിപുലമായ സുഹൃദ് വലയമുള്ള, ഞങ്ങളുടെ പ്രിയപ്പെട്ട സുഗുണന്‍. പരോളിന്‍റെ നെടുംതൂണ്‍ ഈ വലിയതുറക്കാരനാണ് -നിര്‍മ്മാതാവ് എന്ന നിലയില്‍. അതെ, ഞങ്ങളുടെ സുഗുണനെയാണ് ആന്റണി ഡിക്രൂസ് എന്ന പേരില്‍ എല്ലാവരും ഇപ്പോള്‍ അറിയുന്നത്.
സുഗുണന്‍ എന്ന ആന്റണി ഡിക്രൂസ്
യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബി.എ. ഇക്കണോമിക്‌സ് ബിരുദം നേടിയ സുഗുണന്‍ 2015 വരെ അബുദാബി ആര്‍മി ഓഫീസേഴ്‌സ് ക്ലബ്ബിന്‍റെ ഫിനാന്‍സ് മാനേജരായിരുന്നു. ക്ലബ്ബില്‍ 20,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന മൈതാനമുണ്ട്. കേരളത്തില്‍ നിന്നുള്ള കലാപ്രകടനത്തിന് എന്തുകൊണ്ട് അവിടം വേദിയാക്കിക്കൂടാ എന്ന് സുഗുണനും സുഹൃത്തുക്കളും ആലോചിച്ചു. അബുദാബി പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി നേടിയ ശേഷം അവര്‍ ആദ്യം നടത്തിയത് കൈരളി ചാനലിന്‍റെ മെഗാ ഷോ. തുടര്‍ന്ന് ഏഷ്യാനെറ്റ് അടക്കം മറ്റു മലയാളം ചാനലുകളുടെയെല്ലാം പരിപാടി അവിടെ നടത്തി. ഈ സ്റ്റാര്‍ ഷോകളിലൂടെ മമ്മൂട്ടി ഉള്‍പ്പെടെയുള്ള നടന്മാരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ആ ബന്ധമാണ് സിനിമയിലേക്ക് എത്തിയത്.
ഒരു സിനിമ ചെയ്യണം എന്ന മോഹം സുഗുണന്‍ പങ്കുവെച്ചത് സുഹൃത്തായ ശരത് സന്ദിത്തിനോടാണ്. ശരത് സംവിധാനച്ചുമതലയേറ്റു. മമ്മൂട്ടിയുമായി ശരത്തിനും നല്ല അടുപ്പമുണ്ടായിരുന്നു. നല്ലൊരു വിഷയം കിട്ടിയാല്‍ അഭിനയിക്കാമെന്ന് മമ്മൂട്ടി സമ്മതിച്ചു. അങ്ങനെ ശരത് ഒരു കഥ പറഞ്ഞു. തമിഴിലെ പ്രഗത്ഭനായ രമണിയാണ് തിരക്കഥ തയ്യാറാക്കിയത്. ഇത് മലയാളത്തിലാക്കി മറ്റു നടപടികള്‍ മുന്നോട്ടു നീങ്ങി. നായികയായി അനുഷ്‌ക ഷെട്ടിയെയാണ് നിശ്ചയിച്ചത്. എന്നാല്‍, ബാഹുബലി സൂപ്പര്‍ ഹിറ്റായതോടെ അനുഷ്‌കയുടെ ഡേറ്റില്‍ ചെറിയ പ്രശ്‌നം വന്നു. പ്രൊജക്ട് മുന്നോട്ടു നീക്കാനാവാത്ത സ്ഥിതിയായി.
അപ്പോഴാണ് യഥാര്‍ത്ഥ സംഭവകഥയുമായി അജി എത്തുന്നത്. അജിത് പൂജപ്പുര ഞങ്ങള്‍ക്ക് അജിയാണ്. 1993ലെ യൂണിവേഴ്‌സിറ്റി കോളേജ് വിഭജനത്തിന്റെ വേദന അനുഭവിക്കേണ്ടി വന്ന തലമുറയുടെ പ്രതിനിധിയാണ് അജിയും സഹോദരന്‍ അനിയും. യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദവിഭാഗം കാര്യവട്ടത്തേക്കു മാറ്റിയപ്പോള്‍ പ്രവേശനം നേടിയ ആദ്യ ബാച്ചിലെ അംഗം. ഫലത്തില്‍ ഞങ്ങളുടെ ജൂനിയര്‍ ആണെങ്കിലും പഠനം കാതങ്ങള്‍ അകലെ. പക്ഷേ, എന്തു പരിപാടിയുണ്ടെങ്കിലും കാര്യവട്ടത്തുകാര്‍ ഫുള്‍ സ്വിങ്ങില്‍ പാളയത്തുണ്ടാവും. അതിനാല്‍ത്തന്നെ കോളേജ് കാലം മുതല്‍ സുഗുണനും അജിയും പരിചയക്കാരാണ്. സുഗുണന്‍റെ അനിയനും പരോളിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ പൊടിയന്‍ എന്ന ജൂഡ് ആഗ്നല്‍ സുധീറും അനിയും അജിയുമെല്ലാം സുഹൃത്തുക്കളാണ്. പൊടിയനും യൂണിവേഴ്‌സിറ്റി കോളേജിന്‍റെ സന്തതി തന്നെ.
സുഗുണനും സുധീര്‍ കരമനയും യൂണിവേഴ്‌സിറ്റി കോളേജിന്‍റെ 150-ാം വാര്‍ഷികാഘോഷ വേളയില്‍ അങ്ങനെ അജിയുടെ കൈയിലെ സംഭവകഥ സുഗുണന്‍റെയും ശരത്തിന്റെയും മുന്നിലെത്തി. ആദ്യം തീരുമാനിച്ച പ്രൊജക്ട് മുന്നോട്ടു നീങ്ങാത്ത സാഹചര്യത്തില്‍ മമ്മൂട്ടിയോട് അലക്‌സിന്റെ കഥ പറഞ്ഞു. സംഭവകഥയാണെന്ന് അറിഞ്ഞതോടെ ഇത് ആദ്യം ചെയ്യാമെന്ന് മമ്മൂട്ടി. അങ്ങനെ പരോള്‍ മുന്നോട്ടു നീങ്ങി. യൂണിവേഴ്‌സിറ്റി കോളേജില്‍ ഞങ്ങളുടെ സമകാലികനാണ് സുധീര്‍ കരമന. സിനിമാരംഗത്ത് കത്തിനില്‍ക്കുന്ന സുധീര്‍ ഇല്ലാതെ സുഗുണന്‍റെ സിനിമയോ? സുധീറിന് റോള്‍ ഉറപ്പ്. കോളേജില്‍ ഞങ്ങളുടെയൊക്കെ സീനിയറായിരുന്ന അലന്‍ ചേട്ടനും എത്തി. മമ്മൂട്ടിയുടെ അലക്‌സിന്‍റെ അപ്പന്‍ പീലിപ്പോസിന്‍റെ റോളില്‍.
ഇതുകൊണ്ടും തീര്‍ന്നില്ല യൂണിവേഴ്‌സിറ്റി കോളേജുകാര്‍. കോളേജില്‍ ഞങ്ങളുടെ സുഹൃത്തായിരുന്ന ‘അയ്യപ്പന്‍’ എന്ന സാഹിര്‍ ദുബായിലാണ്. അവധിക്ക് കക്ഷി നാട്ടിലെത്തിയപ്പോഴാണ് സുഗുണന്‍ സിനിമയെടുക്കുന്ന കാര്യമറിഞ്ഞത്. അതോടെ അയ്യപ്പനും ടീമംഗമായി, സഹസംവിധായകന്‍റെ റോളില്‍. അലക്‌സിന്‍റെ മകന്‍റെ അദ്ധ്യാപകന്‍ എന്നൊരു ചെറിയ റോളും ചെയ്തു. ലക്ഷദ്വീപുകാരിയായ ആയിഷ സഹസംവിധായക എന്ന നിലയില്‍ പരോള്‍ ടീമിന്‍റെ ഭാഗമായത് തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ്. ഒടുവിലാണ് ഞങ്ങളറിഞ്ഞത് ആയിഷയും യൂണിവേഴ്‌സിറ്റി കോളേജിന്റെ സന്തതിയെന്ന്. തീര്‍ന്നില്ല, സുഗുണന്‍റെ ചേട്ടനും പരോളിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ജൂഡ് സജിത് ഡിക്രൂസും ഈ ഗണത്തില്‍പ്പെട്ടയാള്‍ തന്നെ. യൂണിവേഴ്‌സിറ്റി കോളേജിലെ പഴയ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി.

ഡോ.സ്മിത പിഷാരോടി, ഹര്‍ഷിത, ജയന്‍ പിഷാരോടി
തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ സുഗുണന്‍റെയും എന്‍റെയുമൊക്കെ ജൂനിയറായിരുന്നു സംഗീതസംവിധായകനും ഗായകനുമായ ജയന്‍ പിഷാരോടി. ജയന്റെ ഭാര്യയും സംഗീതജ്ഞയും മ്യൂസിക് തെറാപിസ്റ്റും ഗാനരചയിതാവുമായ ഡോ.സ്മിതാ പിഷാരോടിയും സുഹൃത്തു തന്നെ. എന്നാല്‍, ഇവരുടെ മകള്‍ ഹര്‍ഷിതയാണ് യഥാര്‍ത്ഥ താരം. കോട്ടയം ഗിരിദീപം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഈ കൊച്ചുമിടുക്കി പരോളില്‍ നല്ലൊരു വേഷം ചെയ്തു -സുരാജിന്‍റെയും മിയയുടെയും മകളായി. മമ്മൂട്ടിയുടെ അനന്തരവളായി, സിദ്ദിഖിന്‍റെയും മുത്തുമണിയുടെയും വളര്‍ത്തുമകളായി തോളോടു തോള്‍ ചേര്‍ന്നു നിന്നു. മികച്ചവരോടൊപ്പം നില്‍ക്കുമ്പോള്‍ മികവ് പകര്‍ന്നുകിട്ടുമല്ലോ. അതിനാല്‍ കിട്ടിയ വേഷം ഹര്‍ഷിതക്കുട്ടി ഭംഗിയാക്കി. പാട്ടാണ് മേഖലയെങ്കിലും ജയനും ചെറിയൊരു വേഷം പരോളില്‍ ചെയ്തു -ജയില്‍ ഡോക്ടറായി.
നാട്ടിലെ മുതലാളിയുടെ സ്വാധീനത്തിനു വഴങ്ങി അലക്‌സിന്‍റെ കമ്മ്യൂണിസ്റ്റുകാരനായ അപ്പനെ പൊലീസ് സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുപോയി ഇടി കൊടുക്കുന്ന ഇന്‍സ്‌പെക്ടറായി വന്നത് ഞങ്ങളുടെ മറ്റൊരു സുഹൃത്തും കരാട്ടേ അദ്ധ്യാപകനുമായ വി.വി.വിനോദ് കുമാര്‍. ഇവര്‍ക്കെല്ലാം പുറമെ ഈ സിനിമയുടെ തുടക്കം മുതല്‍ സുഗുണനോടൊപ്പം പാറ പോലെ നിന്ന യൂണിവേഴ്‌സിറ്റി കോളേജിലെ വലിയൊരു കൂട്ടുണ്ട് -ജ്യോതി എന്ന വേണുഗോപാല്‍, ബ്രിജേഷ്, ഹരി, അശോകന്‍, വിജയദേവ്, അമ്പിളി എന്ന സന്തോഷ്. അങ്ങനെ ഒരുപാട് പേര്‍. പേരു പറഞ്ഞു തുടങ്ങിയാല്‍ വളരെ വലിയൊരു പട്ടികയാവും. ഞങ്ങള്‍ കൂട്ടുകാരെല്ലാവരും ഈ സിനിമയുടെ വിജയം കാണാന്‍ കാത്തിരിക്കുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് അലക്‌സിനെയും കുടുംബത്തെയും കൂട്ടുകാരെയും ഇഷ്ടമാവുമെന്നുറപ്പ്.
തിരക്കഥാകൃത്ത് അജിത്ത് പൂജപ്പുര, അനി പൂജപ്പുര, ഞാന്‍, നിര്‍മ്മാതാവ് ആന്റണി ഡിക്രൂസ്, സംവിധായകന്‍ ശരത് സന്ദിത്ത് എന്നിവര്‍ പരോളിന്‍റെ ആദ്യ പ്രദര്‍ശനത്തിനു ശേഷം സിനിമയുടെ ആദ്യ പകുതിയില്‍ യുവ കമ്മ്യൂണിസ്റ്റായി മമ്മൂട്ടിയെ അവതരിപ്പിക്കാന്‍ കൂടുതല്‍ സമയം നീക്കിവെച്ചതിനു പിന്നില്‍ യൂണിവേഴ്‌സിറ്റി കോളേജിന്‍റെ ഈ സ്വാധീനം തന്നെയാണ്. മുതലാളിയുടെ മകന്‍ ചെങ്കൊടി മറിച്ചിടാന്‍ നോക്കുമ്പോള്‍ അലക്‌സ് ഒറ്റയ്ക്ക് അത് ഉയര്‍ത്തിയെടുത്ത് ചവിട്ടിയുറപ്പിച്ച ശേഷം അതിമാനുഷനായി തിരിച്ചടിക്കുന്നുണ്ട്. സിനിമ കണ്ടിറങ്ങിയപ്പോള്‍ ഞാന്‍ സുഗുണനോട് ചോദിച്ചു -‘ടേയ്, വലിയതുറയില്‍ ഇങ്ങനാണോടേയ് ചെങ്കൊടി ഉറപ്പിക്കുന്നത്?’ അവന്‍ പൊട്ടിച്ചിരിച്ചു. വിജയ് യേശുദാസ് പാടിയ ‘ചുവന്ന പുലരി ഉദിക്കയായ് വിളി കേള്‍ക്കൂ നിങ്ങള്‍ സഖാക്കളേ..’ എന്ന പാട്ടിലും പ്രകടം പാര്‍ട്ടി സ്‌നേഹം തന്നെ.
പരോളിന്‍റെ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം ആദ്യം നിര്‍മ്മിക്കാനിരുന്ന സിനിമയുമായി മുന്നോട്ടു നീങ്ങാനുള്ള തീരുമാനത്തിലാണ് സുഗുണന്‍. മമ്മൂട്ടിയുടെ അംഗീകാരമുള്ള പശ്ചാത്തലത്തില്‍ അനുഷ്‌കയുടെ ഡേറ്റിന്‍റെ കാര്യത്തില്‍ തീരുമാനമായാലുടന്‍ ആ ചിത്രത്തിന്‍റെ ജോലികള്‍ തുടങ്ങും. മലയാള സിനിമാ രംഗത്ത് സാന്നിദ്ധ്യമുറപ്പിക്കുകയാണ് ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റ്. പരോളിന്‍റെ വിജയം കൂടുതല്‍ മികച്ച സിനിമകള്‍ ചെയ്യാന്‍ സുഗുണന് കരുത്തേകട്ടെ.
(കടപ്പാട്- www.vssyamlal.com/parole/)
