കെയ്‌റോ: മമ്മികള്‍ എക്കാലവും ലോകമെങ്ങുമുള്ള മനുഷ്യരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയ പ്രതിഭാസമാണ്. മനുഷ്യരാശിയുടെ ചരിത്ര വീഥികളില്‍ മമ്മികള്‍ അത്ഭുതങ്ങളുടെ രഹസ്യകലവറ തീര്‍ക്കുന്നു. കാലവും ചരിത്രവും മനുഷ്യ സംസ്‌കാരവും ആ രഹസ്യ പേടകങ്ങളില്‍ നിശ്ശബ്ദമായി കെട്ടുപിണഞ്ഞു കിടക്കുന്നു. മമ്മികള്‍ കഥ പറയുമ്പോള്‍ അത് എന്നോ അസ്തമിച്ചുപോയ ഒരു ചരിത്ര മുഹൂര്‍ത്തങ്ങളെയാണ് ആധുനിക ലോകത്തിന്റെ കൗതുക ദൃഷ്ടിക്കു മുന്നില്‍ അനാവരണം ചെയ്യുന്നത്. മമ്മികളുടെ തട്ടകമായ ഈജിപ്തില്‍ നിന്നും പണ്ടു മുതല്‍ക്കെ പുറത്തു വന്നുകൊണ്ടിരിക്കുന്നത് ഇത്തരം വിസ്മയ വാര്‍ത്തകളാണ്.

പോയ് മറഞ്ഞ കാലത്തിന്റെ ആ തിരുശേഷിപ്പുകളും ഈടുവെപ്പുകളും മറ നീക്കി പുറത്തു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഈജിപ്തിന്റെ തെക്കന്‍ പ്രവിശ്യയായ മിനായയിലെ പുരാതന ശവകുടീരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം 17 മമ്മികളെ കണ്ടെത്തി.

കെയ്‌റോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ റഡാര്‍ സംവിധാനത്തിലൂടെ നടത്തിയ പരിശോധനയിലാണ് മമ്മികള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ബിസി 332-ല്‍ അടക്കം ചെയ്തതാണ് ഈ മമ്മികളെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.