മന്ത്രി തോമസ് ചാണ്ടി രാജിയിലേക്കോ…? കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് നിയമലംഘനം നടന്നതായി ആലപ്പുഴ ജില്ലാ കലക്ടര്‍ റവന്യു മന്ത്രിക്ക് സമര്‍പിച്ച അന്തിമ റിപ്പോര്‍ട്ട്

  • Post category:news
  • Reading time:2 mins read
You are currently viewing മന്ത്രി തോമസ് ചാണ്ടി രാജിയിലേക്കോ…? കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് നിയമലംഘനം നടന്നതായി ആലപ്പുഴ ജില്ലാ കലക്ടര്‍ റവന്യു മന്ത്രിക്ക് സമര്‍പിച്ച അന്തിമ റിപ്പോര്‍ട്ട്

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ റവന്യു മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ജില്ല കളക്ടര്‍ ടി.വി അനുപമയാണ് റിപ്പോര്‍ട്ട് കൈമാറിയത്. മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി നിയമലംഘനം നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ണിട്ട് മൂടിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിംഗും അപ്രോച്ച് റോഡും നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്കും ശുപാര്‍ശയുണ്ട്. ബോയ സ്ഥാപിക്കാന്‍ ആര്‍.ഡി.ഒ നല്‍കിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശുപാര്‍ശയുണ്ടെന്നും സൂചന. ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടില്‍ പാര്‍ക്കിങ്ങിനായി സ്ഥലം ഒരുക്കിയത് നിലം നികത്തിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ റിസോര്‍ട്ട് അധികൃതര്‍ തന്നെ കയ്യേറ്റ വിവരം സമ്മതിച്ചിട്ടുണ്ട്.50 സെന്റിനടുത്ത് നികത്തിയെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ മന്ത്രിയുടെ പേരിലുള്ള ഭൂമിയിലല്ല സഹോദരിയുടെ പേരിലുള്ള ഭൂമിയിലാണ് നികത്തല്‍ നടന്നിട്ടുള്ളത്. നിലം നികത്തിയ വസ്തുവിന്റെ ഉടമക്കെതിരെ നടപടിയെടുക്കണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് റവന്യു വകുപ്പാണ്. കുറ്റകരമായ റവന്യു ലംഘനമാണ് ലേക്പാലസില്‍ നടന്നത്. മാര്‍ത്താണ്ഡം കായല്‍ വിഷയത്തിലും നടപടിയുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ഇതോടെ മന്ത്രിയുടെ രാജിക്ക് ഇടതുനേതൃത്വത്തിനുള്ളില്‍ സമ്മര്‍ദം ഏറി. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നതായി തെളിഞ്ഞാല്‍ രാജിവക്കുമെന്ന് മന്ത്രി ചാണ്ടി നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു. അതേസമയം ആലപ്പുഴ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റിപ്പോര്‍ട്ട് കാണാതെ നടപടിയുണ്ടാകുമോയെന്ന് പറയാനാകില്ല. ആരോപണങ്ങളെല്ലാം വസ്തുകളാകണമെന്നില്ലെന്നും കോടിയേരി പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപിടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മന്ത്രി ഇ. ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നു പ്രതികരിച്ചു. എല്‍.ഡി.എഫ് ജാഥയുമായി ബന്ധപ്പെട്ട് കാസര്‍കോടായതിനാല്‍ ഓഫിസില്‍ റിപോര്‍ട്ട് എത്തിച്ചുവോ എന്ന കാര്യം അറിയില്ല. റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

0Shares