മന്ത്രി തോമസ് ചാണ്ടിയുടെ വിക്കറ്റ് തെറിപ്പിച്ചത് കണ്ണൂരിലെ വിപ്ലവവീര്യം കെടാത്ത മുന്‍ എസ്.എഫ്.ഐ നേതാവ്

  • Post category:news
  • Reading time:2 mins read
You are currently viewing മന്ത്രി തോമസ് ചാണ്ടിയുടെ വിക്കറ്റ് തെറിപ്പിച്ചത് കണ്ണൂരിലെ വിപ്ലവവീര്യം കെടാത്ത മുന്‍ എസ്.എഫ്.ഐ നേതാവ്

ആലപ്പുഴ: കായല്‍ കയ്യേറ്റം നടത്തിയ ചാണ്ടിയുടെ രാജിക്ക് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്. മന്ത്രി തോമസ് ചാണ്ടിയുടെ വിക്കറ്റ് തെറിപ്പിച്ചത് കണ്ണൂരില്‍ നിന്നുള്ള മുന്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന എസ്.എഫ്.ഐ നേതാവ്. ഏഷ്യാനെറ്റ് ആലപ്പുഴ ബ്യൂറോ ചീഫ് പി.വി പ്രസാദാണ് തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തെ പുറംലോകം അറിയിച്ചത്. മുഖ്യമന്ത്രി പിണറായിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നാടായ കണ്ണൂരില്‍ നിന്നും 2007 കാലഘട്ടത്തില്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയില്‍ എത്തിയ വിദ്യാര്‍ത്ഥി നേതാവായ പി.വി പ്രസാദ് നിരവധി കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആദ്യമായി ഇലക്ട്രിക് ലാത്തി പ്രയോഗിച്ചത് ഈ യുവ നേതാവിന്റെ ശരീരത്തിലാണ്. ഏത് വെല്ലുവിളികളെയും നേരിട്ട് മുന്നാട്ട് പോകാന്‍ പൊരുതുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം മുന്‍പ് നല്‍കിയ കരുത്ത് തന്നെയാണ് ഇപ്പാഴും പ്രസാദിനെ നയിക്കുന്നത്. അതു കൊണ്ട് തന്നെ തോമസ് ചാണ്ടിയുടെയും ഗുണ്ടകളുടെയും ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കാന്‍ ഈ മാധ്യമ പ്രവര്‍ത്തകന് മനസ് വന്നില്ല. കൈരളി ചാനല്‍ തിരുവനന്തപുരം ചീഫ് റിപ്പോര്‍ട്ടര്‍ എസ്. ജീവന്‍കുമാര്‍, യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത ജെറോം എന്നിവര്‍ക്കൊപ്പം 2007ല്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയില്‍ എത്തിയിരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനും ആയിരുന്നു. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ ഘടകത്തില്‍ ഭാരവാഹി പദവികളും വഹിച്ചിട്ടുണ്ട് ടി.വി പ്രസാദ്. കണ്ണൂരിലെ കരിവള്ളൂര്‍ സ്വദേശിയാണ് ടിവി പ്രസാദ്. പയ്യന്നൂര്‍ കോളേജില്‍ നിന്ന് ബിരുദം നേടി, പിന്നീട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പാലയാട് കാമ്പസ്സില്‍ നിയമത്തില്‍ ബിരുദ പഠനം. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടിയാണ് പിന്നീട് ഏഷ്യാനെറ്റിലെത്തുന്നത്.വിദ്യാര്‍ത്ഥി രാഷ്ട്രീയം വിട്ട് മാധ്യമ പ്രവര്‍ത്തനത്തില്‍ പ്രവേശിച്ചപ്പോഴും അനീതിക്കെതിരെ പോരാടുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല. മന്ത്രിയുടെ കയ്യേറ്റ വാര്‍ത്ത തുടര്‍ച്ചയായി നല്‍കി പൊതു സമൂഹത്തിന്റേയും രാഷ്ട്രീയ നേതൃത്വങ്ങളുടേയും നീതിപീഠത്തിന്റേയും മുന്‍പിലെത്തിക്കാന്‍ പ്രസാദിനു കഴിഞ്ഞതിന് രാജ്യത്തിന്റെ മുക്കിലും മൂലയില്‍ നിന്നും അഭിനന്ദനപ്രവാഹമാണ് ഇപ്പോള്‍. ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിച്ചതും മന്ത്രിയായ ശേഷം കൃഷിഭൂമി കയ്യേറിയതിന്റെ എല്ലാം തെളിവുകള്‍ പുറത്തുവിട്ടത് പ്രസാദായിരുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി പുറത്തു കൊണ്ടുവന്ന വര്‍ത്തയ്ക്കു പിന്നാലെ പ്രസാദ് ഓഫീസിലുണ്ടായിരിക്കെ ഏഷ്യാനെറ്റ് ഓഫീസിനു നേരെയും ഇതിനിടെ ആക്രമണമുണ്ടായിരുന്നു. ഇതോടെയാണ് മറ്റുമാധ്യമങ്ങള്‍ സംഭവത്തെ ഏറ്റെടുത്തത്. തുടര്‍ന്ന് ആരെയും കൂസാത്ത കളക്ടര്‍ അനുപമ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതോടെ മന്ത്രി കുടുക്കിലാവുകയായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗമായ കളക്ടര്‍ക്കെതിരെ കോടതിയെ തോമസ് ചാണ്ടി സമീപിച്ചത് ശരിയായില്ലന്ന നിലപാടിലായിരുന്നു ഇടതിലെ മറ്റുനേതാക്കള്‍. മന്ത്രി ഇ.പി ജയരാജനെ പുറത്താക്കാന്‍ തയ്യാറായ മുഖ്യമന്ത്രി ഘടക കക്ഷിയിലെ ഒരു മന്ത്രിക്കുവേണ്ടി നടപടിയെടുക്കാനാവാതെ മടിച്ചിരിക്കുന്നത് സോഷ്യല്‍ മീഡിയയിലും ഇടതുനേതാക്കളിലും രൂക്ഷവിമര്‍ശനത്തിനാണ് വഴിവച്ചത്. ഗത്യന്തരമില്ലാതെ അടിയന്തിര മന്ത്രി സഭവിളിച്ച്് പുറത്താക്കാന്‍ നോക്കിയെങ്കിലും എന്‍.സി.പി നേതാക്കളുടെ നീക്കം മുഖ്യമന്ത്രിയെ ആശയകുഴപ്പത്തിലാക്കി. എന്‍.സി.പിക്ക് മന്ത്രിസഭയില്‍ ഇടമില്ലാത്ത സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാറിന് പഴി കേള്‍ക്കാന്‍ കഴിയില്ലന്ന് അറിയിച്ച് മുഖ്യമന്ത്രി തന്നെ ചാണ്ടിയോട് രാജിവയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അവധിയെടുത്ത് വിദേശത്തേക്ക് മാറി നില്‍ക്കാനായി പിന്നത്തെ ശ്രമവും പാളി. ഇതിനായി ചാണ്ടി നീക്കിയ കരുക്കള്‍ സി.പി.ഐ മന്ത്രിമാര്‍ മന്ത്രി സഭാ യോഗം ബഹിഷ്‌ക്കരിച്ചതോടെ പൊളിഞ്ഞു. രാജി വെക്കുന്നതിന് ഉപാധി കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണെന്ന് സിപിഐക്കാരനായ മന്ത്രി ഇ. ചന്ദ്രശേഖരനും തുറന്നടിച്ചു. ചാണ്ടിയുള്ള മന്ത്രി സഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടിലായിരുന്നു സിപിഐ. തുടര്‍ന്ന് മുഖ്യമന്ത്രി അന്ത്യ ശാസനം കൂടി നല്‍കിയതോടെയാണ് രാജിക്കാര്യത്തില്‍ തീരുമാനമായത്.

0Shares