
തിരുവനന്തപുരം: കളിയോ കാര്യമോ എന്നറിയില്ല, മന്ത്രി ജി. സുധാകരന്റെ കവിതകള്‍ എന്ന് വെച്ചാല്‍ സോഷ്യല്‍ മീഡിയയ്ക്ക് ജീവനാണ്. ചിലര്‍ അത് ജീവനെപ്പോലെ കൊണ്ടുനടക്കും മറ്റ് ചിലര്‍ അത് കാണുമ്പോള്‍ ജീവനും കൊണ്ട് ഓടും. സോഷ്യൽ മീഡിയയുടെ പ്ലാറ്റ് ഫോമിൽ നിന്നും പുറത്തുകടക്കുകയാണ് ഇത്തവണ മന്ത്രിയുടെ കവിത. സുധാകരന്റെ കവിതയ്ക്ക് ദൃശ്യാവിഷ്ക്കാരം ഒരുക്കുകയാണ് സിനിമാ സംവിധായകനായ ഗഫൂര്‍ വൈ.ഇല്യാസ്. കലാഭവൻ ഷാജോണിനെ നായകനാക്കി എടുത്ത പരീത് പണ്ടാരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവസംവിധായകനാണ് ഗഫൂർ.

കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള കവിതയില്‍ തനി കുട്ടനാട്ടുകാരനായി മന്ത്രി ക്യാമറക്ക് മുന്നിലെത്തുമ്പോൾ കവിത ആലപിക്കുന്നത് മന്ത്രിയുടെ ഗണ്‍മാനായ രാജേഷ് കൊച്ചുവീട്ടിലാണ്. കാസര്‍കോട് സ്വദേശിയായ ബാബു പ്രസാദാണ് കവിതയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ ഡ്രൈവറായ മുഹമ്മദ് ഷിബിന്‍ ഇദ്ദേഹത്തിന്റെ സുഹൃത്ത് ഷെബാബ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. നെഹ്രുട്രോഫി വള്ളംകളിക്ക് മുന്നോടിയായി പുറത്തിറങ്ങുന്ന കവിതയിൽ കുട്ടനാട്ടുകാരനായി മന്ത്രിയും ക്യാമറയ്ക്ക് മുന്നിലെത്തുന്നുണ്ട്.
