മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കൃഷ്ണ ഭക്തി പുലിവാലായി; ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം വെള്ളിയാഴ്ച നടക്കുന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചചെയ്യണമെന്ന് നേതാക്കള്‍

  • Post category:news
  • Reading time:1 min read
You are currently viewing മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കൃഷ്ണ ഭക്തി പുലിവാലായി; ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം വെള്ളിയാഴ്ച നടക്കുന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചചെയ്യണമെന്ന് നേതാക്കള്‍

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാട് സമര്‍പ്പണവും നടത്തിയതില്‍ സി.പി.ഐ.എമ്മില്‍ കടുത്ത അതൃപ്തി. മന്ത്രിക്കെതിരേ നടപടി വേണമെന്ന് ചില നേതാക്കള്‍ അഭിപ്രായമുന്നയിച്ചതോടെ നേതൃത്വം അങ്കലാപ്പിലായി. വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന്‍ പറഞ്ഞു. സംഭവം വിവാദമായതോടെ വിവാദം വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യാന്‍ തീരുമാനമായി. അതേസമയം വിവാദം പരിശോധിച്ച് ശേഷം പ്രതികരിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പറഞ്ഞു. ഇതുസംബന്ധിച്ച് മന്ത്രിയോട് പാര്‍ടി വിശദീകരണം തേടിയതായി അറിയുന്നു. ദേവസ്വം മന്ത്രി കൂടിയായ സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ അഷ്ടമിരോഹിണി ദിവസമാണു ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. രാവിലെ മുതല്‍ വൈകീട്ട് വരെ മന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി പരിപാടികള്‍ക്ക് മന്ത്രിയായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ക്ഷേത്ര ദര്‍ശനത്തിനിടെ കടകംപള്ളി കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തി. അന്നദാനത്തിനുള്ള പണം കൂടി നല്‍കിയതിന് ശേഷമാണ് ക്ഷേത്രം വിട്ടത്.ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്നു പൊതുയോഗത്തില്‍ പിന്നീടു വച്ചുകാച്ചി. മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തെ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തതോടെയാണ് നേതൃത്വത്തില്‍ അതൃപ്തി പുകയാന്‍ തുടങ്ങിയത്. അഷ്ടമി രോഹിണിക്കെതിരെ നിലപാട് എടുക്കുന്ന പി ജയരാജനുള്ള മറുപടിയാണ് മന്ത്രിയുടെ ക്ഷേത്ര ദര്‍ശനമെന്നും വിശ്വാസത്തിന്റെ പേരിലുള്ള സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. മന്ത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ സി.പി.എമ്മിനു കടുത്ത തലവേദനയായി സന്ദര്‍ശനം മാറി.  ദേവസ്വം മന്ത്രിയെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുതയുള്ളവരാണു വിവാദങ്ങളുണ്ടാക്കുന്നതെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ ഇതിനോടു പ്രതികരിച്ചത്. കുടുംബാംഗങ്ങള്‍ പണ്ടേ ഭക്തിപ്രസ്ഥാനത്തില്‍ വിശ്വസിക്കു…
വിശ്വസിക്കുന്നവരാണ്. അവരെ തിരുത്താന്‍ പോയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. എന്നാല്‍, മന്ത്രി ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായ കാലത്ത് ഇത്തരത്തില്‍ വഴിപാടോ മറ്റോ നടത്തിയിരുന്നില്ല. ഏതായാലും വരുംദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്ക്കാണ് കടകം പള്ളിയുടെ ക്ഷേത്രസന്ദര്‍ശനം വഴിയൊരുക്കിയിരിക്കുന്നത്.

 

0Shares