മന്ത്രി കടകംപള്ളിക്ക് പാര്‍ട്ടിയുടെ തലോടല്‍ മാത്രം; ഗുരുവായൂര്‍ ക്ഷേത്ര വിവാദം സ്വയം ഒഴിവാക്കാമായിരുന്നുവെന്ന് വിമര്‍ശനം

  • Post category:news
  • Reading time:2 mins read
You are currently viewing മന്ത്രി കടകംപള്ളിക്ക് പാര്‍ട്ടിയുടെ തലോടല്‍ മാത്രം; ഗുരുവായൂര്‍ ക്ഷേത്ര വിവാദം സ്വയം ഒഴിവാക്കാമായിരുന്നുവെന്ന് വിമര്‍ശനം

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നടപടിക്ക് പകരം പാര്‍ട്ടിയുടെ തലോടല്‍ മാത്രം. വെള്ളിയാഴ്ച നടന്ന സി.പി.എം സംസ്ഥാന സമിതിയില്‍ കോടിയേരി അവതരിപ്പിച്ച റിപോര്‍ട്ടിലാണ് തലോടികൊണ്ടുള്ള വിമര്‍ശനം അവതരിപ്പിച്ചത്. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടതാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. മന്ത്രിയുടെ നടപടി പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മന്ത്രി എന്ന നിലയില്‍ അമ്പലത്തില്‍ പോയത് തെറ്റില്ല. വഴിപാടടക്കമുള്ള ക്ഷേത്രത്തിലെ ആചാരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമായിരുന്നു. പാര്‍ട്ടിക്ക് മുന്‍പും മന്ത്രിമാരുണ്ടായിരുന്നുവെന്നും മുമ്പുള്ള മന്ത്രിമാരുടെ പാത ഇക്കാര്യത്തില്‍ പിന്തുടരണമായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. വിവാദത്തിന്റെ കാര്യത്തില്‍ ശ്രദ്ധക്കുറവുണ്ടായെന്ന് യോഗത്തില്‍ കടകം പള്ളി സത്യവാങ്മൂലം അറിയിച്ചിരുന്നു. ദേവസ്വം മന്ത്രിയായ കടകം പള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ജന്മാഷ്ടമിനാളിലാണ് ഗുരുവായൂരിലെത്തിയത്. ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. ദേവസ്വം മന്ത്രിയെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുതയുള്ളവരാണു വിവാദങ്ങളുണ്ടാക്കുന്നതെന്നാണ് മന്ത്രി ഇതിനോട് അന്ന് പ്രതികരിച്ചത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണ. ക്ഷേത്ര ദര്‍ശനം സംബന്ധിച്ച വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് യോഗം വിലയിരുത്തി. വിവാദത്തില്‍ ബിജെപി മുതലെടുപ്പ് നടത്തുന്നത് യോഗത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. ഈ സഹാചര്യത്തില്‍ മന്ത്രിയുടെ വിശദീകരണം സ്വീകരിച്ച് വിവാദം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
തോമസ് ചാണ്ടിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളും സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യും.മന്ത്രിക്ക് എതിരെ വലിയ വിമര്‍ശനം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു വന്നേക്കാം. അതേസമയം, ക്ഷേത്ര സന്ദര്‍ശനം ചര്‍ച്ച ചെയ്യേണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയേറ്റ് നേരത്തെ തീരുമാനം എടുത്തിരുന്നത്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് സിപിഐഎം സംസ്ഥാന സമിതി തിരുവനന്തപുരത്ത് ചേരുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സംസ്ഥാന സമിതിയുടെ പ്രധാന അജണ്ടയെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും. മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ ഉയരുന്ന ആരോപണങ്ങളില്‍ നടപടി ഉണ്ടാകണമെന്നും ആവശ്യമെങ്കില്‍ മന്ത്രിയെ മാറ്റി നിര്‍ത്തണമെന്നുമാണ് സംസ്ഥാന സമിതി അംഗങ്ങളുടെ പൊതു വികാരം. ഇതും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു വന്നേക്കാം. ആലപ്പുഴ ജില്ലാ കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ടും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടും അതിലെ വിവരങ്ങള്‍ മറച്ചു പിടിക്കുന്നതില്‍ സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയരും. കഴിഞ്ഞ സര്‍ക്കാരിനെതിരെ സി.പി.എം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് മുന്നിലേക്ക് ചര്‍ച്ചകള്‍ക്ക് വിട്ടുനല്‍കണമെന്നും ഇത് വേങ്ങരയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നുമാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍.

 

0Shares