മനുഷ്യരാശിയുടെ 900 വര്‍ഷത്തെ ചരിത്രവുമായി നോത്ര ദാം കത്തിയമരുന്നു; ഫ്രാന്‍സിലെ പുരാതനമായ നോത്ര ദാം പള്ളിക്ക് തീ പിടിച്ചപ്പോള്‍

  • Post category:news
  • Reading time:1 min read
You are currently viewing മനുഷ്യരാശിയുടെ 900 വര്‍ഷത്തെ ചരിത്രവുമായി നോത്ര ദാം കത്തിയമരുന്നു; ഫ്രാന്‍സിലെ പുരാതനമായ നോത്ര ദാം പള്ളിക്ക് തീ പിടിച്ചപ്പോള്‍

ലോകത്തിലെതന്നെ ആദ്യ ദേവാലയങ്ങളില്‍ ഒന്നായ പാരീസിലെ നോത്ര ദാം കത്തീഡ്രല്‍ ഇന്നലെ വൈകുന്നേരമുണ്ടായ തീപിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു. ഫ്രാന്‍സിന്‍റെ ഗോഥിക് വാസ്തു ശൈലിയിലുള്ള നോത്ര ദാം കത്തീഡ്രലിന് ഏകദേശം 900 വര്‍ഷത്തിനടുത്തുള്ള ചരിത്രമുണ്ട്. 1163ല്‍ നിര്‍മാണം ആരംഭിച്ച ദേവാലയത്തിന്‍റെ പണി പൂര്‍ത്തിയായത് 1345ലാണ്.

ഫ്രാന്‍സിന്‍റെ ചരിത്രത്തില്‍ സുപ്രധാനമായ പങ്കുള്ള നോത്രദാം കത്തീഡ്രല്‍ പലപ്പോഴായി തകര്‍ക്കപ്പെടുകയും പുതുക്കി പണിയുകയുമൊക്കെ ചെയ്തിട്ടുണ്ട്. വിക്ടര്‍ ഹ്യൂഗോുടെ ‘നോത്ര ദാമിലെ കൂനന്‍’ എന്ന പുസ്തകത്തിലൂടെ ലോകമെമ്പാടും വിഖ്യാതമായതാണ് ഈ ദേവാലയം.

കത്തീഡ്രലില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. തീയണക്കുന്നതിനിടെ ഒരു അഗ്‌നിശമന സേനാ പ്രവര്‍ത്തകന് ഗുരുതര പരിക്കേറ്റു. തീപ്പിടിത്തം ഭയാനകരമായ ദുരന്തമാണെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചു. അതേസമയം, 500ഓളം അഗ്‌നിശമന സേനക്കാരുടെ മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്ന അമൂല്യ വസ്തുക്കള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.

യേശുവിനെ തൂക്കിലേറ്റിയ കുരിശിന്‍റെ ഭാഗം, കുരിശില്‍ തറയ്ക്കാനുപയോഗിച്ച ആണികളില്‍ ഒന്ന്, യേശുക്രിസ്തുവിന്‍റെ തലയില്‍ ധരിപ്പിച്ച മുള്‍ക്കിരീടത്തിന്‍റെ ഭാഗം, 1270ല്‍ കുരിശ് യുദ്ധത്തിനിടെ മരിച്ച ഫ്രാന്‍സ് രാജാവും പിന്നീട് വിശുദ്ധനുമായ ലൂയിസിന്‍റെ വസ്ത്രത്തിന്‍റെ ഭാഗം തുടങ്ങിയ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവ അടക്കമുള്ള എല്ലാ അമൂല്യ വസ്തുക്കളും സുരക്ഷിതമാണെന്ന് പാരീസ് മേയര്‍ അറിയിച്ചു.

0Shares