കൊല്ലം: മനുഷ്യനെ സ്നേഹിക്കുന്നതിലും നല്ലത് ജീവികളെ സ്നേഹിക്കുന്നതാണ് നല്ലതെന്നു പറഞ്ഞ പഴമക്കാരുടെ വാക്കുകള്‍ സത്യം. കാരണം അവയുടെ സ്നേഹം അതിരില്ലാതെ തിരിച്ചു കിട്ടുന്നതു തന്നെ. അതിനൊരു ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. പാപ്പാനെ ചുംബിക്കുന്ന ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയാകുന്നത്. പാപ്പാന്‍ യാത്രചോദിക്കുമ്പോള്‍ ചെരിഞ്ഞുനിന്നു ഉമ്മ കൊടുക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരേറെയുണ്ട്. തികച്ചും അത് കൗതുകകരമായ കാഴ്ചയാണ്. ആനയും പാപ്പാനും തമ്മിലുള്ള കഥകള്‍ ഒരുപാട് നാം കേട്ടിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഇവരുടെ കഥ.

കൊല്ലത്തിനു സമീപം കടവൂരുള്ള ശിവരാജെന്ന കൊമ്പനാനയാണ് തന്റെ പാപ്പാനെ ഇത്രയധികം സ്നേഹിക്കുന്നത്. ശിവരാജിന്റെ ഒന്നാം പാപ്പാനായ മനോജാണ് ഈ സ്നേഹവാത്സല്യങ്ങള്‍ക്ക് സാക്ഷിയായത്. വൈകുന്നേരത്തെ ആഹാരം നല്‍കി മടങ്ങുന്നതിനിടെയിലായിരുന്നു ആനയുടെ സ്നേഹപ്രകടനം. പോകട്ടേയെന്നുള്ള പാപ്പാന്റെ ചോദ്യത്തിനുള്ള മറുപടി തീറ്റയെടുക്കുന്നതിനിടയിലും ശിവരാജ് തലകുലുക്കി കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് തലചരിച്ചു നിന്നുകൊണ്ടു മുത്തം നല്‍കുന്ന തിരക്കിലാണ് ശിവരാജ്. രണ്ടാം പാപ്പാനായ കണ്ണനാണ് കൗതുകകരമായ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.