
ന്യൂഡൽഹി:2008ൽ ബി എം ഡബ്ല്യു കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാറുടമയ്ക്ക് ശിക്ഷ രണ്ടു കൊല്ലം മാത്രം വിധിക്കേണ്ടി വന്ന ഘട്ടത്തിൽ തന്റെ ശ്രദ്ധയിൽ വന്ന നിയമത്തിന്റെ പോരായ്മ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ജീവ് കുമാർ. വാഹനാപകടത്തിൽ രാജ്യത്ത് ഒരു മനുഷ്യൻ കൊല്ലപ്പെട്ടാൽ പ്രതിക്ക് നൽകാവുന്ന പരമാവധി ശിക്ഷ പത്തുവർഷം തടവ് മാത്രമാണ് എന്നും, മനുഷ്യന്റെ സ്ഥാനത്തുകൊല്ലപ്പെടുന്നത് പശു ആണെങ്കിൽ പതിനാല് വര്ഷം ആണെന്ന വിചിത്രമായ നിയമമാണ് ജഡ്ജി പ്രധാനമന്ത്രിയുറെ ശ്രദ്ധയിൽപെടുത്തിയത്.

2008ല്‍ സൗത്ത് ഡല്‍ഹിയില്‍വെച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ അനൂജ് ചൗഹാന്‍ കൊല്ലപ്പെടുകയും കൂട്ടുകാരനായ മൃഗാങ്ക് ശ്രീവാസ്തവക്ക് മാരകമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യാ കേസായി പരിഗണിച്ച ഈ കേസിന്റെ വിധിയിൽ ജഡ്ജി സഞ്ജീവ് കുമാർ ‘രാജ്യത്ത് പശുവിനെക്കൊന്നാല്‍ 5, 7 അല്ലെങ്കില്‍ 14 വര്‍ഷം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ തടവ് ശിക്ഷ.എന്നാല്‍ അശ്രദ്ധയോടെ, വണ്ടിയോടിച്ച് ആളെക്കൊന്നാല്‍ രണ്ട് വര്‍ഷം മാത്രമാണ് ശിക്ഷ’ എന്ന നിരീക്ഷണം നടത്തിയിരുന്നു. ഈ ഉത്തരവിന്റെ പകർപ്പും കൂടെ വെച്ചാണ് ജഡ്ജി വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
