മനിതി സംഘടനയിലെ 11 അംഗ വനിതാസംഘം ശബരിമല ദര്‍ശനത്തിനെത്തി; പമ്പയില്‍ ഭക്തരുടെ പ്രതിഷേധം; മലകയറാതെ തിരിച്ചുപോവില്ലെന്ന് വനിതകള്‍

  • Post category:news
  • Reading time:1 min read
You are currently viewing മനിതി സംഘടനയിലെ 11 അംഗ വനിതാസംഘം ശബരിമല ദര്‍ശനത്തിനെത്തി; പമ്പയില്‍ ഭക്തരുടെ പ്രതിഷേധം; മലകയറാതെ തിരിച്ചുപോവില്ലെന്ന് വനിതകള്‍

കൊച്ചി: ശബരിമല ദര്‍ശനത്തിന് മനിതി സംഘടനയിലെ 11 അംഗ സംഘം  പമ്പയില്‍.  ഭക്തരുടെ പ്രതിഷേധം കനക്കുകയും ചെയ്തതിനെ തുടര്‍ന്ന് സംഘത്തിന് ശബരിമലയിലേക്ക് പോകാനായില്ല. പുലര്‍ച്ചെ മൂന്നരയോടെ പമ്പയിലെത്തിയ സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്. നാല് മണിക്കൂറിലേറെയായി പമ്പയില്‍ തുടരുകയാണ്. ഒരു വശത്ത് പ്രതിഷേധക്കാരും മറുവശത്ത് യുവതീസംഘവും കുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധം തുടരുകയാണ്. പൊലീസ് ശെല്‍വിയടക്കമുള്ള യുവതികളുമായി അനുനയ ചര്‍ച്ച നടത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മനിതി സംഘം. വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനോടൊപ്പം പ്രതിഷേധവും ശക്തമാകുന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള സംഘം മനിതി സംഘവുമായി ചര്‍ച്ച നടത്താനാണ് ശ്രമിക്കുന്നത്. അതേസമയം മനിതി സംഘത്തിലെ കൂടുതല്‍ ആളുകള്‍ ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് മനിതി സംഘം നേതാവ് സെല്‍വി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം യുവതീ പ്രവേശന വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡും പോലീസും ആണെന്ന് ഹൈക്കോടതി നിരീക്ഷക സമിതി പ്രതികരിച്ചു. ശബരിമലയിലെ പ്രത്യേക സാഹചര്യത്തില്‍ ഹൈക്കോടതി നിരീക്ഷക സമിതിയുടെ തീരുമാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. തീരുമാനം ബോര്‍ഡിനെ സമിതി അറിയിച്ചിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ ഇടപെടാന്‍ നിരീക്ഷക സമിതിക്കു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും സമിതി പരിശോധിക്കുന്നത് അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മകള്‍ അടക്കമുള്ള വിഷയങ്ങളാണെന്നും സമിതി ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.

0Shares