
വാദം പൂര്‍ത്തിയായ അയോധ്യ കേസില്‍ അസാധാരണ നടപടിയുമായി സുപ്രീംകോടതി . വാദം പൂര്‍ത്തിയായ കേസില്‍ ഇന്ന് മധ്യസ്ഥ സമിതി സമര്‍പ്പിച്ച റിപ്പോർട്ട് പരിഗണിക്കാനായി പ്രത്യേക സിറ്റിംഗ് വിളിച്ചാണ് ഭരണഘടനാ ബഞ്ച് അസാധാരണ നീക്കം നടത്തിയത് . ചേംബറിലാവും ഭരണഘടന ബെഞ്ച് ചേരുകയെന്ന് സുപ്രീംകോടതി അഡീഷണല്‍ രജിസ്റ്റാര്‍ പുറത്തു വിട്ട അറിയിപ്പില്‍ പറയുന്നു. വാദം കേട്ടു കഴിഞ്ഞ ഒരു കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വീണ്ടും ഇരിക്കുന്നത് അസാധാരണമായ സംഭവമാണ്.
തുടര്‍ച്ചയായി 40 ദിവസം വാദംകേട്ട കേസ് ബുധനാഴ്ച വൈകിട്ട് നാലിനാണ് ഭരണഘടനാബെഞ്ച് വിധിപറയാൻ മാറ്റിയത്. കൂടുതൽ വാദങ്ങളുണ്ടെങ്കില്‍ കക്ഷികള്‍ മൂന്നുദിവസത്തിനുള്ളിൽ എഴുതിനൽകണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, ഭൂമിതർക്കത്തിന് പരിഹാരം കണ്ടെത്തുന്ന ‘ഒത്തുതീർപ്പ് റിപ്പോർട്ട്’ രാത്രിയോടെ കോടതിയിൽ സമർപ്പിച്ചു. അയോധ്യ കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കാനായി മൂന്നംഗ സമിതിയെ നേരത്തെ സുപ്രീം കോടതി നിയോഗിച്ചിരുന്നു.

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എഫ്എംഐ ഖലീഫുള്ള, ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് മൂന്നംഗ സംഘത്തിലുണ്ടായിരുന്നത്.മധ്യസ്ഥ ചര്‍ച്ച ആദ്യഘട്ടത്തില്‍ നല്ല രീതിയില്‍ മുന്നോട്ട് പോയെങ്കിലും പിന്നീട് ചര്‍ച്ച പരാജയപ്പെട്ടതായി സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അയോധ്യ കേസില്‍ മധ്യസ്ഥ ചർച്ചകൾ സാഹോദര്യത്തിന്‍റെ അന്തരീക്ഷത്തിൽ നടന്നെന്നാണ് സമിതി അംഗം ശ്രീശ്രീ രവിശങ്കർ പിന്നീട് വ്യക്തമാക്കിയത്.
മധ്യസ്ഥ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മൂന്നംഗ സമിതി പിന്നീട് സുപ്രീംകോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് പ്രത്യേക സിറ്റിംഗിലൂടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ഇതോടെ തര്‍ക്ക ഭൂമിയുടെ അവകാശിയാരെന്ന വിധിക്ക് പകരം ഒരു ഒത്തുതീര്‍പ്പിന് വഴിയൊരുക്കുന്ന വിധി സുപ്രീംകോടതി പുറപ്പെടുവിക്കുമോ എന്ന ആകാംക്ഷയും ശക്തമാവുകയാണ്.അയോധ്യ കേസിലെ ചരിത്രപരമായ വാദം സുപ്രീംകോടതിയിൽ അവസാനിച്ചത് ഒത്തുതീർപ്പിനുള്ള സാധ്യത അടയാതെയാണെന്ന് നേരത്തെ തന്നെ നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
