
മദ്യ ലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐയെ സസ്‌പെന്റ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്.ഐ ജയപ്രകാശിനെയാണ് സസ്‌പെന്റ് ചെയ്തത്. ജയപ്രകാശിന് വീഴ്ചയുണ്ടായെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അതേസമയം, കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ഉത്തരവിറക്കി.

ക്രമസമാധാനപാലനചുമതലയുള്ള എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ക്രൈംബ്രാഞ്ച് എസ്.പി എ.ഷാനവാസ്, തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍, വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ. അജി ചന്ദ്രന്‍ നായര്‍, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഇന്‍സ്‌പെക്ടര്‍ എസ്.എസ് സുരേഷ് ബാബു എന്നിവരാണ് സംഘത്തിലുള്ളത്. ഷീന്‍ തറയില്‍ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍.
സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഉള്‍പ്പെടെ സംഘം അന്വേഷിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
