കണ്ണൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് അനധികൃത പിരിവ് നടത്തിയ മൂന്നു പേര്‍ പിടിയില്‍. കണ്ണൂര്‍ പെരളശ്ശേരിയിലാണ് മൂന്നു പേര്‍ പിടിയിലായത്. മോഷണവും കഞ്ചാവ് വില്‍പ്പനയും ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതികളായ ചക്കരക്കല്‍ റിഷബ്, അലവില്‍ സ്വദേശി സഫാന്‍, കക്കാട് സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (23) എന്നിവരെയാണ് പിടിയിലായത്. വിപണന മേളകള്‍ കൊണ്ട് തിരക്കേറിയ പൊലീസ് മൈതാനത്തായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന് എഴുതിയൊട്ടിച്ച ബക്കറ്റുമായി മൂന്നംഗ സംഘ പിരിവ് നടത്തിയത്.
ബക്രീദ് ദിനത്തിലെ തിരക്ക് മുതലെടുത്തായിരുന്നു തട്ടിപ്പ്. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പൊലീസിനെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ്. മദ്യപാനത്തിനിടെ തോന്നിയ ഐഡിയയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. 3,540 രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തു. സമാനമായ രീതിയില്‍ തട്ടിപ്പുകള്‍ നടക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് വ്യക്തമാക്കി.
മദ്യപിക്കാന്‍ പണമില്ല; കണ്ടെത്തിയ വഴി ദുരിതാശ്വാസത്തിൻ്റെ പേരില്‍ ബക്കറ്റ് പിരിവ്; കണ്ണൂരില്‍ സംഭവിച്ചത്