മോസ്‌കോ: ഇത് വെള്ളാരം കല്ലുകളല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് സോവിയറ്റ് യൂണിയനിലെ ആഘോഷങ്ങളില്‍ ബാക്കിയായ മദ്യകുപ്പികളില്‍ പ്രകൃതി തീര്‍ത്ത ശില്‍പ്പങ്ങളാണ്. തകര്‍ന്ന ഗ്ലാസുകളുടെ തീരം എന്നറിയപ്പെടുന്ന ‘ഉസൂറി ബേ’ കണ്ടാല്‍ ഇത് വര്‍ണ്ണക്കല്ലുകളുടെ തീരമാണെന്നേ തോന്നൂ. ഈ തീരത്ത് പൂഴിക്ക് പകരം പൊട്ടിയ കുപ്പിയുടെ അവശിഷ്ടങ്ങളാണുള്ളത്.ഒരു കാലത്ത് സോവിയറ്റ് യൂണിയനില്‍ ഉപയോഗിച്ചിരുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള മദ്യകുപ്പികള്‍ ഉപേക്ഷിച്ചത് ഈ തീരത്ത് ആയിരുന്നു. അപകടകരമാം വിധം കുപ്പിച്ചില്ലുകള്‍ നിറഞ്ഞ ഈ ബീച്ചിലേക്ക് ആര്‍ക്കും പ്രവേശനം പോലും ഉണ്ടായിരുന്നില്ല.

ആരും എടുത്ത് മാറ്റില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകാം പ്രകൃതി തന്നെ അവയെ ഇത്തരത്തില്‍ രൂപാന്തരപ്പെടുത്തിയത്.ആരും കൊതിക്കുന്ന വര്‍ണ്ണക്കല്ലുകള്‍പോലെയാണ് ഈ കുപ്പിച്ചില്ലുകള്‍ ഇന്ന്. ഒരു കാലത്ത് എന്താണോ ഈ ബീച്ചിനെ ആളുകളില്‍നിന്ന് അകറ്റിയിരുന്നത് അതുതന്നെയാണ് ഇന്ന് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. മഞ്ഞയും പച്ചയും നീലയും നിറത്തിലുള്ള കല്ലുകള്‍ കണ്ടാല്‍ ഇവ ഗ്ലാസുകളാണെന്നോ ഒരുനാള്‍ മദ്യക്കുപ്പികളായിരുന്നുവെന്നോ വിശ്വസിക്കുക പ്രയാസം. അത്രയ്ക്ക് കൗതുകകരമാണ് പ്രകൃതിയുടെ വികൃതി. റഷ്യയിലെ പീറ്റര്‍ ദ ഗ്രേറ്റ് ഗള്‍ഫ് എന്ന പ്രദേശത്താണ് ഈ ഗ്ലാസ് ബീച്ച്.
