
ഇനി മുതല്‍ ബിവറേജസ് കോര്പറേഷന് മദ്യം വാങ്ങിക്കുന്നവരുടെ പ്രായത്തിന്റെ കണക്കെടുക്കും. മദ്യത്തിന്റെ ബ്രാന്‍ഡും ഉപയോഗിക്കുന്നവരുടെ പ്രായവും അറിയുകയാണ് ബിവറേജസ് ലക്ഷ്യം. ഡിസംബര്‍ 14,15 തീയതികളില്‍ രാവിലെ പത്തുമുതല്‍ രാത്രി ഒമ്പതുവരെ 11 മണിക്കൂറിനെ പതിനൊന്നു സ്ലോട്ടുകളാക്കി തിരിച്ചാണ് സര്‍വ്വേ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ സമയത്ത് വരുന്നവരുടെ പ്രായവും ഉപയോഗിക്കുന്ന ബ്രാന്‍ഡും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും. ഈ സര്‍വ്വേ ക്രോഡീകരിച്ച് ഈ മാസം 20ന് ഹെഡ് ഓഫീസിന് കൈമാറണമെന്നാണ് എം.ഡി സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദ്ദേശം . ഇതിനായി പ്രത്യേക ഫോം ബിവറേജസ് വിതരണ കേന്ദ്രങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
യുവാക്കള്‍ കൂടുതലായി ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നെന്ന എക്സൈസ് വകുപ്പിന്റെ കണ്ടെത്തലാണ് ബിവറേജസ് കോര്പറേഷന് സര്‍വ്വേ നടത്താനുള്ള പ്രധാനകാരണം.
