
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാന് കോടതി തള്ളി. ഹർജിക്കാരനായ നാസിലിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും വിശ്വാസ്യതയില്ലെന്നും കോടതി പറഞ്ഞു. തുഷാറിന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കിയിട്ടുണ്ട്. വ്യവസായി എംഎ യൂസഫലിക്കും പിണറായി വിജയനും നന്ദി പറയുന്നതായി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തെ തുഷാറിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെച്ചിരുന്നു. നാളെ തന്നെ തുഷാര്‍ നാട്ടിലേക്ക് തിരിച്ചു പോവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പതിനെട്ട് ദിവസത്തിനിടെ നാല് തവണ പ്രോസിക്യൂഷന് മുന്നില്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ നാസിലിന് കഴിഞ്ഞില്ല. പത്തു വര്‍ഷം മുമ്പുള്ള ഇരുപതുകോടിയോളം രൂപയുടെ ചെക്കുകേസിലാണ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായിരുന്നത്.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയില്‍ അജ്മാനില്‍ ഉണ്ടായിരുന്ന ബോയിങ്ങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ കമ്പനി. കമ്പനി നഷ്ടത്തിലായപ്പോള്‍ വിറ്റ് നാട്ടിലേക്ക് വന്നസമയത്ത് നാസില്‍ അബ്ദുള്ളയ്ക്ക് കൈമാറിയ ചെക്കിന്റെ പേരിലായിരുന്നു പരാതി.
