
കൊച്ചി: ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും അന്വേഷണത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലിബസ് പഠിപ്പിക്കുന്നതായ് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍നാഷനല്‍ സ്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു. ഇപ്പോള്‍ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ പ്രാന്തപ്രദേശങ്ങളിലെ സ്കൂളുകളിലേക്ക് മാറ്റാനും തീരുമാനം ആയിട്ടുണ്ട്. എം.എ അക്ബര്‍ എന്ന ഇസ്ലാമിക പ്രഭാഷകന്‍ നേതൃത്വം നല്‍കുന്ന കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീസ് ഫൌണ്ടേഷനു കീഴില്‍ നിലവില്‍ കേരളത്തില്‍ പത്തോളം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇപ്പോള്‍ വന്ന നിര്‍ദേശം എല്ലാ സ്കൂളുകള്‍ക്കും ബാധകമാണോ എന്നത് ഉത്തരവ് ഇറങ്ങിയതിനു ശേഷമേ വെളിവാകുകയുള്ളൂ. രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകത്തില്‍ ഉള്ള ആക്റ്റിവിറ്റി ഭാഗമാണ് വിവാദത്തില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുംബൈ ആസ്ഥാനമായ ബുര്‍ജ് റിയാലൈസേഷന്‍ ആണ് പുസ്തകത്തിന്‍റെ പ്രസിദ്ധീകരണം ചെയ്തത് എന്നും ആയതിനാല്‍ സ്കൂളിന്റെ ട്രസ്റ്റികള്‍ക്കെതിരെ കേസ് രജിസ്ടര്‍ ചെയ്യുകയും ചെയ്തിരുന്നു.2016 ഇല്‍ ആണ് സംഭവം നടന്നത്. തുടര്‍ന്ന് ബുര്‍ജിന്‍റെ ചെയര്‍മാന്‍ ദാവൂദ് വെയ്ത്, ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്‍റെ ചുമതലക്കാരനായ സമീദ് അഹമ്മദ്, സാഹില്‍ അഹമ്മദ് എന്നിവര്‍ പിടിയിലായിരുന്നു. സ്കൂള്‍ മാനേജിംഗ് ഡയക്ടര്‍ അക്ബറിനെ വിദേശത്ത നിന്നും എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.
