
തിരുവനന്തപുരം: മണലിനു പിന്നാലെ വിദേശത്തുനിന്ന് കരിങ്കല്ലും കേരളത്തിലേക്ക് വരുന്നു. കരിങ്കല്ല് ഇറക്കുമതി ചെയ്യാനുള്ള സന്നദ്ധത അറിയിച്ച് മലേഷ്യന്‍ കമ്പനി സര്‍ക്കാറിനെ സമീപിച്ചു. കപ്പല്‍ വഴി തുറമുഖങ്ങളില്‍ കരിങ്കല്ല് എത്തിക്കുന്ന പദ്ധതിയാണ് മലയാളി ബന്ധമുള്ള കമ്പനി വ്യവസായ വകുപ്പ് മുൻപാകെ മുന്നോട്ടുവെച്ചത്. സംസ്ഥാനത്തിനു അനുയോജ്യമെന്നു കണ്ടാല്‍ അനുമതി നല്‍കുന്നതിന് പ്രയാസമില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. കരിങ്കല്ലിന്റെ ഗുണനിലവാരം, വിപണി സാധ്യത, വില തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിനു മുൻപ് പഠിക്കേണ്ടതുണ്ട്. അതിനാല്‍ വിശദമായി പഠിക്കുന്നതിന് മാറ്റിവെച്ചിരിക്കയാണ് വ്യവസായ വകുപ്പ്.

ലോകത്ത് വിവിധ രാജ്യങ്ങളിലേക്ക് കരിങ്കല്‍ ഇറക്കുമതി ചെയ്യുന്ന കമ്പനിയാണിത്. സംസ്ഥാനത്ത് മണല്‍ക്ഷാമം പരിഹരിക്കാന്‍ വിവിധ തുറമുഖങ്ങള്‍ വഴി വിദേശ മണല്‍ എത്തിച്ചിരുന്നു. മലേഷ്യന്‍ കമ്പനിയില്‍നിന്നുതന്നെയാണ് മണലും സംസ്ഥാനത്ത് എത്തിച്ചത്. സ്വകാര്യ കമ്പനി കൊച്ചി തുറമുഖത്ത് മലേഷ്യന്‍ മണല്‍ എത്തിച്ചത് വലിയ വാര്‍ത്തപ്രധാന്യം നേടിയിരുന്നു.
കൊച്ചിക്കു പിന്നാലെ ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം തുറമുഖം, കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലും മണല്‍ എത്തിക്കുന്നതാണ് പദ്ധതി. സര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ സമാന രീതിയില്‍ മണല്‍ എത്തിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ദൗര്‍ലഭ്യവും പരിസ്ഥിതി പ്രശ്നങ്ങളും കണക്കിലെടുത്താണ് മണല്‍ ഇറക്കുമതിക്ക് സര്‍ക്കാര്‍ പച്ചക്കൊടി നല്‍കിയത്.
കരിങ്കല്ലിന്റെ കാര്യത്തിലും സമാന പ്രശ്നമാണ് സംസ്ഥാനം നേരിടുന്നത്. മണലിനെ പോലെ കരിങ്കല്‍ ഇറക്കുമതിക്കും നിയമതടസ്സമൊന്നുമില്ല. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതി വേണമെന്ന നിബന്ധനയേയുള്ളൂ. നിര്‍മാണ മേഖലയില്‍ വര്‍ധിച്ച ആവശ്യമാണ് കരിങ്കല്ലിനുമുള്ളത്.
