ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തും.ഈ മാസം 16നും 20നും ഇടയ്ക്കായിരിക്കും സന്ദര്‍ശനമെന്നും തൃപ്തി ദേശായി വ്യക്തമാക്കി. കൃത്യമായ തീയതി ഇന്ന് പ്രഖ്യാപിക്കുമെന്നും തൃപ്തി അറിയിച്ചു. ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന കോടതി വിധി സ്വാഗതം ചെയ്ത തൃപ്തി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നു നേരത്തേ അറിയിച്ചിട്ടുള്ളതാണ്.
എന്നാല്‍ സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല. സുപ്രീം കോടതി വിധി വന്നയുടന്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി പ്രഖ്യാപിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശന കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ വന്ന എല്ലാ പുനപരിശോധന ഹര്‍ജികളും ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. റിട്ട് ഹര്‍ജികളും ഇതോടൊപ്പം പരിഗണിക്കും. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ 28-ലെ ഭരണഘടന ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ലെന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
മണ്ഡലകാലത്ത് തന്നെ ശബരിമല സന്ദര്‍ശനത്തിനെത്തും;തൃപ്തി ദേശായി