കൊച്ചി: മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകള്‍ക്കെതിരെ വൈദ്യുതി മന്ത്രി എം.എം. മണി നടത്തിയ പരാമര്‍ശം വളരെ ഗൗരവമുള്ളതാണെന്ന് കേരളാ ഹൈക്കോടതിയുടെ നിരീക്ഷണം. വിവാദ പ്രസംഗം നടത്തിയ എം.എം. മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് വിമര്‍ശനവുമായി കോടതി രംഗത്തെത്തിയത്. മണിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ സി.ഡി ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ എന്താണ് നടക്കുന്നതെന്നും, സംസ്ഥാന പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹാജരായത്.
സ്ത്രീകള്‍ക്കെതിരെയല്ല മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് മണി വിമര്‍ശനം നടത്തിയതെന്നും പ്രസംഗത്തിന്റെ ദൃശ്യങ്ങളിലൂടെ അത് വ്യക്തമാകുന്നുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യരല്ലേ എന്നും അവര്‍ക്കെതിരെ എന്തും പ്രവര്‍ത്തിക്കാമോ എന്നും ചോദിച്ചാണ് സര്‍ക്കാരിന്റെ ഈ വാദങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്നും അതുകൊണ്ട് തന്നെ സംസ്ഥാന പോലീസ് മേധാവിയടക്കം ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും നിലപാട് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു.