മട്ടന്നൂരില്‍ എല്‍.ഡി.എഫിന് ചരിത്രവിജയം, യു.ഡി.എഫിന് വന്‍ തിരിച്ചടി

  • Post category:news
  • Reading time:1 min read
You are currently viewing മട്ടന്നൂരില്‍ എല്‍.ഡി.എഫിന് ചരിത്രവിജയം, യു.ഡി.എഫിന് വന്‍ തിരിച്ചടി

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വന്‍ വിജയം. ആകെയുള്ള 35വാര്‍ഡുകളില്‍ 28 വാര്‍ഡില്‍ എല്‍.ഡി.എഫ് വിജയിച്ചു. ഏഴിടത്ത് മാത്രമാണ് യു.ഡി.എഫിനു വിജയിക്കാനായത്. തുടര്‍ച്ചയായി അഞ്ചാംതവണയും നഗരസഭ എല്‍.ഡി.എഫിനൊപ്പം തന്നെ. എഴന്നൂര്‍ വാര്‍ഡ് യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുത്തത് യു.ഡി.എഫിന് തിരിച്ചടിയായി. കഴിഞ്ഞ തവണ 21 വാര്‍ഡിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇത്തവണ യുഡിഎഫില്‍ നിന്ന് ഏഴ് സീറ്റ് കൂടി പിടിച്ചെടുത്തു. നിലവിലെ സഭയില്‍ എല്‍.ഡി.എഫിന് 21 ഉം യു.ഡി.എഫിന് 13 ഉം അംഗങ്ങളാണുണ്ടായിരുന്നത്. 112 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്.

രാവിലെ പത്തിനാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 35 വാര്‍ഡുകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 82.91 ശതമാനം പോളിങ്ങാണ് നടന്നിട്ടുള്ളത്. വാര്‍ഡുകളില്‍ 93.4 ശതമാനം വോട്ട് പോള്‍ചെയ്ത മേറ്റടിയാണ് ഒന്നാമത്. 70.76 ശതമാനം പേര്‍ വോട്ട് ചെയ്ത മിനി നഗര്‍ വാര്‍ഡിലാണ് ഏറ്റവും കുറവ്. 20 വര്‍ഷമായി ഇടതുമുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. എല്‍.ഡി.എഫില്‍ സി.പി.എം 28 വാര്‍ഡിലും സി.പി.ഐ, ജനതാദള്‍, എന്‍.സി.പി, സി.എം.പി, ഐ.എന്‍.എല്‍ എന്നിവ ഓരോ വാര്‍ഡിലും എല്‍.ഡി.എഫ് സ്വതന്ത്രര്‍ രണ്ട് വാര്‍ഡിലുമാണ് മത്സരിച്ചത്. യു.ഡി.എഫില്‍ കോണ്‍ഗ്രസ് 25, മുസ്‌ളിംലീഗ് എട്ട്, ആര്‍.എസ്.പി, ജെ.ഡി.യു ഒന്നുവീതം വാര്‍ഡുകളിലും മത്സരിച്ചു. ബി.ജെ.പി 32 വാര്‍ഡിലും എസ്.ഡി.പി.ഐ എട്ട് വാര്‍ഡിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രമായ മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പരിസരത്തും വന്‍ സുരക്ഷ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയത്.

0Shares