കാസര്‍കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നത് സംബന്ധിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ നല്‍കിയ കേസില്‍ സമന്‍സ് കൈപ്പറ്റാത്ത വോട്ടര്‍മാരെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയ്ക്ക് പരാതി അയച്ചു. ഹൈക്കോടതി അയച്ച സമന്‍സുകളില്‍ കൈപ്പറ്റാത്ത 76 ലധികം വോട്ടര്‍മാരെ കുറിച്ച് എന്‍.ഐ.എ അന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയ് റൈയാണ് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. 259 കള്ളവോട്ടുകള്‍ നടന്നുവെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ സുരേന്ദ്രന്‍ ആരോപിച്ചിരിക്കുന്നത്.
ഹൈക്കോടതി മെസഞ്ചര്‍ സമന്‍സുമായി വീടുകളിലെത്തുമ്പോള്‍ വോട്ടര്‍മാരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന മറുപടിയാണ് പലപ്പോഴും ലഭിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. വീട്ടുകാരുമായി ബന്ധമില്ലെന്ന് പറയുന്ന വോട്ടര്‍മാരെ കുറിച്ച് അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് പരാതി.
കെ സുരേന്ദ്രന്‍ നല്‍കിയ ഹരജിയില്‍ ഹാജരാകാത്ത ആനക്കല്ല് സ്വദേശി ഉമ്മര്‍ ഫാറൂഖ്, ഉപ്പളയിലെ ജബ്ബാര്‍, കമ്പളയിലെ മൊയ്തീന്‍കുഞ്ഞി എന്നിവര്‍ക്ക് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ വാറണ്ടയക്കാന്‍ ഉത്തരവായിരുന്നു.
