കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ടു പോകണമോ എന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനോട് ഹൈക്കോടതി. മഞ്ചേശ്വരം എം.എല്‍.എ അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തിലാണ് കോടതി നടപടികളുമായി മുന്നോട്ടു പോകേണ്ടതുണ്ടോ എന്ന് ഹൈകോടതി സുരേന്ദ്രനോട് ആരാഞ്ഞത്. ഇതില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. മഞ്ചേശ്വരം എം.എല്‍.എയായിരുന്ന പി.ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പരാമര്‍ശിച്ചത്. തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്നാരോപിച്ച് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അബ്ദുള്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം. തിരഞ്ഞെടുപ്പില്‍ മരിച്ചവരും വിദേശത്തുള്ളവരും ചേര്‍ന്ന് 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാവിന്റെ ആരോപണം.
കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കാതെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. 2014 ല്‍ കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പു നടന്നത് ഏപ്രില്‍ 10 ന്. അപ്പോള്‍ 2019 ല്‍ രണ്ടും ഒരുമിച്ചാകാനും സാധ്യതയുണ്ട്. കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചാല്‍ തെരഞ്ഞെടുപ്പു നടപടികളുമായി കമ്മീഷനു മുന്നോട്ടു പോകാനാകും.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ്; കേസ് തുടരണമോയെന്ന് സുരേന്ദ്രനോട് ഹൈക്കോടതി