
മാനസികമായി തളര്‍ന്ന മകനെ ഉറക്കഗുളിക നല്‍കി അച്ഛന്‍ കൊന്നു. 44 വയസുള്ള മകനെ ആണ് അമിത അളവില്‍ ഉറക്കഗുളിക നല്‍കിയത്. തമിഴ്‌നാട് ആല്‍വാര്‍പേട്ടിലാണ് സംഭവം. മകനെ കൊന്നതിനുശേഷം മരിക്കാനായിരുന്നു അച്ഛന്‍റെ തീരുമാനം. 82കാരനായ പിതാവ് ആഹാരവും വെള്ളവും ഉപേക്ഷിച്ച് മരണം കാത്തുകിടക്കുകയായിരുന്നു.
നാല് ദിവസമാണ് ഒന്നും കഴിക്കാതെ അദ്ദേഹം മൃതദേഹത്തിന് സമീപം കിടന്നത്. ത്രിവേണി അപ്പാര്‍ട്ട്‌മെന്റില്‍ ഇവര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മകന്‍റെ അഴുകിയ മൃതദേഹവും കെട്ടിപ്പിടിച്ചായിരുന്നു ഇയാള്‍ കിടന്നിരുന്നത്.

തിങ്കളാഴ്ചയാണ് വിശ്വനാഥന്‍ മകന് ഉറക്കഗുളിക നല്‍കിയത്. വിശ്വനാഥനും ഇതില്‍ ഒരു പങ്ക് കഴിച്ചിരുന്നു. മകന്‍ മരിച്ചെങ്കിലും വിശ്വനാഥന്‍ അബോധാവസ്ഥയിലായി. പക്ഷേ മരിച്ചിരുന്നില്ല. മകന്‍റെ മൃതദേഹം കണ്ടെത്തുമ്പോള്‍ അതേ കട്ടിലില്‍ തന്നെയായിരുന്നു വിശ്വനാഥനും കിടന്നിരുന്നത്. 82കാരനായ വിശ്വനാഥന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്നു.
സ്റ്റെനോഗ്രാഫറായിരിക്കെ വിരമിച്ച ഇദ്ദേഹത്തിന്റെ ഭാര്യ 15 വര്‍ഷം മുമ്പാണ് മരിച്ചത്. പിന്നീട് ഇദ്ദേഹം മാനസിക വെല്ലുവിളി നേരിടുന്ന മകനെ ഒറ്റയ്ക്കാണ് സംരക്ഷിച്ചിരുന്നത്. എന്നാല്‍ തന്‍റെ മരണശേഷം മകനെ നോക്കാന്‍ ആരുമുണ്ടാകില്ലെന്ന ഭയത്താലാണ് വിശ്വനാഥന്‍ മകനെ കൊന്നതെന്ന് പോലീസ് വ്യക്തമാക്കി.
വിശ്വനാഥന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രായാധിക്യത്താല്‍ അവശനായിരുന്ന വിശ്വനാഥന് സഹായത്തിന് ആരുമുണ്ടായിരുന്നില്ല. അസുഖബാധിതനായിരുന്ന സമയത്ത് മകനെ ശുശ്രൂഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിശ്വനാഥന് ലഭിക്കുന്ന പെന്‍ഷന്‍ തുകകൊണ്ടാണ് ഇരുവരും കഴിഞ്ഞിരുന്നത്.
