
ന്യൂഡല്‍ഹി: മൂത്ത മകന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുല്‍ നാസര്‍ മഅ്ദനി സുപ്രിം കോടതിയില്‍. അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖാന്തിരമാണു ഹര്‍ജി നല്‍കിയത്. നാളെയോ അടുത്ത ചൊവ്വാഴ്ചയോ ഹര്‍ജി പരിഗണിക്കുമെന്നാണു വിവരം. അഡ്വ. പ്രശാന്ത് ഭൂഷണ്‍ മദനിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും. അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം ഈ മാസം 24 ന് ഭാഗികമായി മാത്രമാണ് ബംഗളുരു എന്‍. ഐ. എ കോടതി അംഗീകരിച്ചത്. മാതാപിതാക്കളെ കാണാന്‍ ഓഗസ്റ്റ് ഒന്നുമുതല്‍ ആറുവരെ കേരളത്തില്‍ കഴിയാന്‍ അനുമതി നല്‍കിയ കോടതി പക്ഷെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് മകന്റെ വിവാഹം. കഴിഞ്ഞ വര്‍ഷം വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചത് മാതാവിനെ കാണാന്‍ മാത്രമായിരുന്നു. ജാമ്യം ലഭിക്കുന്നതിന് മുമ്പ് 2013 മാര്‍ച്ച് 10ന് മകള്‍ സമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതേ സൗകര്യം മകന്റെ വിവാഹക്കാര്യത്തിലും അനുവദിക്കണമെന്ന് ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നേരത്തെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും മാതാപിതാക്കളെ കാണാനും വ്യവസ്ഥയില്‍ ഇളവ് വരുത്തി അനുമതി നല്‍കിയ കോടതി ഇപ്പോള്‍ അനുമതി നല്‍കാത്തത് നിക്ഷിപ്തമായ അധികാരം വേണ്ടവിധത്തില്‍ ഉപയോഗിക്കാത്തതിനാലാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഓഗസ്റ്റ് ഒന്നുമുതല്‍ ഏഴുവരെ കേരളത്തില്‍ തങ്ങാന്‍ നല്‍കിയ അനുമതി മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് 20 വരെയാക്കി നീട്ടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലേക്ക് വരാനാവശ്യമായ യാത്രാ ചെലവും മദനി തന്നെ വഹിക്കണമെന്ന് വിചാരണ കോടതിയുടെ വിധിയും പുനപരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാര്‍ തന്നെ ചെലവുകള്‍ വഹിക്കണം. കഴിഞ്ഞ രണ്ട് തവണയും മഅ്ദനി കേരളത്തിലേക്ക് വന്നപ്പോള്‍ മുഴുവന്‍ ചെലവുകളും കര്‍ണാടക സര്‍ക്കാറാണ് വഹിച്ചിരുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ വിധിക്കെതിരെ പി. ഡി. പി സംസ്ഥാന ഘടകം ഈ മാസം 26 ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തെങ്കിലും പിന്നീട് പിന്‍വലിച്ചു.
