മകനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു; ഇന്ത്യന്‍ യുവാവ് ലണ്ടനില്‍ അറസ്റ്റില്‍.

  • Post category:news
  • Reading time:2 mins read
You are currently viewing മകനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു; ഇന്ത്യന്‍ യുവാവ് ലണ്ടനില്‍ അറസ്റ്റില്‍.

ലണ്ടന്‍: നോര്‍ത്ത് ലണ്ടനില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഒരു വയസുള്ള മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന ഇന്ത്യന്‍ യുവാവ് അറസ്റ്റിലായി. ഇയാളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്. രണ്ടാമത്തെ കുട്ടി ആക്രമണത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ്. റൊമാനിയക്കാരിയെ കല്യാണം കഴിച്ച് ഫിന്‍സ്ബറി പാര്‍ക്കില്‍ കഴിയുന്ന ബിന്ദ്യ സാഗര്‍ ദാസാണ് അറസ്റ്റിലായത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗബ്രിയേലെന്ന കുട്ടിയാണ് മരിച്ചത്.ഇരട്ട മക്കളില്‍ മറ്റൊരാളായ മരിയ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്. ഇയാള്‍ ഈസ്റ്റ് ലണ്ടന്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് കൊലപാതകം നടന്നതെന്നാണ് സൂചന. കൊലപാതകത്തിനുപയോഗിച്ച ചുറ്റിക ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധിച്ച് വരികയാണ്. ഇത് സമീപത്ത് മണലില്‍ പൂഴ്ത്തി വച്ച നിലയില്‍ കണ്ടെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടികളെ കണ്ടെത്തിയ ഫ്‌ളാറ്റില്‍ ദാസുണ്ടായിരുന്നുവെന്നും എന്നാല്‍ എമര്‍ജന്‍സി സര്‍വീസുകാരെ വിളിക്കുന്നതിന് മുമ്പ് അയാള്‍ സ്ഥലം വിടുകയായിരുന്നുവെന്നുമാണ് ഡിറ്റെക്ടീവുകള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ പൊലീസ് തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്. ഒരു സ്ത്രീ എന്റെ കുട്ടികള്‍ എന്റെ കുട്ടികള്‍എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ട് ഓടുന്നത് കാണാമായിരുന്നുവെന്നാണ് അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഹോമിസൈഡ് ആന്‍ഡ് മേജര്‍ക്രൈം കമാന്‍ഡിലെ ചീഫ് ഇന്‍സ്പെക്ടര്‍ ഡേവ് വെല്ലാംസിന്റെ നേതൃത്വത്തില്‍ കൊലപാതകത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഫ്‌ളാറ്റിന്റെ മുകള്‍ നിലയിലാണ് റൊമാനിയക്കാരിയും ഇന്ത്യക്കാരനായ ഭര്‍ത്താവും കുട്ടികളും അടങ്ങിയ ഈ കുടുംബം താമസിച്ചിരുന്നതെന്ന് ഒരു അയല്‍ക്കാരന്‍ പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ദാസ് സമീപത്തുള്ള ഒരു ഹോട്ടലില്‍ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു.എന്നാല്‍ രണ്ട് ദിവസം മുമ്പ് അയാള്‍ ജോലി ഉപേക്ഷിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നാഷണല്‍ പൊലീസ് എയര്‍ സര്‍വീസ് കൊലപാതകിയെ തെരഞ്ഞ് കണ്ടു പിടിക്കാന്‍ ഒരു ഹെലികോപ്റ്റര്‍ വിന്യസിച്ചു. ഫ്‌ളാറ്റില്‍ നിന്നും റൊമാനിയക്കാരി സഹായം അഭ്യര്‍ത്ഥിച്ച് കരയുന്നത് താന്‍ കേട്ടിരുന്നുവെന്ന് ഒരു അയല്‍ക്കാരി വെളിപ്പെടുത്തി. തുടര്‍ന്ന് രണ്ട് കുട്ടികളെ ഫ്ളാറ്റില്‍ നിന്നും പുറത്തേക്ക് കൊണ്ടു പോകുന്നതും പൊലീസ് കാര്‍ അതിന് മുമ്പില്‍ വന്ന് നില്‍ക്കുന്നതും കണ്ടിരുന്നുവെന്നും മറ്റൊരു അയല്‍ക്കാരന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ അത് വെളിപ്പെടുത്താനായി മുന്നോട്ട് വരണമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

0Shares