കണ്ണൂര്‍: മംഗള എക്‌സ്പ്രസില്‍ കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് മോഷണം പോയി. ചെറുപുഴ സ്വദേശിനി കാഞ്ഞിരത്തിങ്കല്‍ അമലയുടെ സ്വര്‍ണവും പണവുമാണ് മോഷണം പോയത്. ഇതേ കോച്ചിലെ യാത്രക്കാരനായിരുന്ന തൃശ്ശൂര്‍ സ്വദേശിയുടെ വിലകൂടിയ മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ട്.

ഡല്‍ഹിയില്‍ പട്ടാളത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അടുത്തു നിന്നും കണ്ണൂരിലേക്കു വരുന്ന വഴി രാത്രിയാണ് മോഷണം നടന്നത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അമല അറിയുന്നത്. സ്വര്‍ണവും 40,000 രൂപയുമാണ് നഷ്ടമായത്. ഉടന്‍ തന്നെ യുവതി നാസിക് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കി. പയ്യന്നൂരില്‍ എത്തിയ യുവതി എഫ്.ഐ.ആറിന്റെ പകര്‍പ്പ് അടക്കം പോലീസില്‍ പരാതി നല്‍കി.