
മംഗളൂരു: കാറില്‍ കടത്തുകയായിരുന്ന പത്തുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പോലിസ് പിടിയിലായി. ശനിയാഴ്ച വൈകീട്ട് മംഗളുരു പഴയ സ്റ്റേഷന് റോഡില്‍ വച്ചാണ് സംഭവം. ഹാസന് ജില്ലയിലെ ബേളൂര്‍ സ്വദേശികളായ പി രഘു(38), പ്രകാശ്(26) എന്നിവരാണ് അറസ്റ്റിലയത്. ആന്ധ്രപ്രദേശില്‍ നിന്നും ഹാസനിലേക്ക് വില്പനയ്ക്കായി കൊണ്ടുവരികയായിരുന്നു കഞ്ചാവ്. മംഗളൂരു ഈസ്റ്റ് പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. സംശയകരമായ രീതിയില്‍ പെരുമാറിയ സംഘത്തെ കണ്ട പോലിസ് കാര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. അഞ്ച് ചെറിയ തുണിച്ചാക്കില്‍ പാക്ക് ചെയ്ത നിലയിലായിരുന്നു സൂക്ഷിച്ചത്.
11 കിലോയോളം തൂക്കം വരുന്ന കഞ്ചാവിന് 3,30,000 രൂപയോളം വിലവരുമെന്ന് പോലിസ് പറഞ്ഞു. കാറില്‍ നിന്ന് രണ്ടുമൊബൈലും 50000 രൂപയും പോലിസ് കണ്ടെടുത്തു. കഞ്ചാവ് കടത്തിയ മാരുതി കാറും പോലിസ് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് പോലിസ് കമ്മിഷ്ണര്‍ ഉദയ് എം നായക്, ക്രൈം ആന്റ് ട്രാഫിക് ഡിവിഷന് ഡി.സി.പി ഉമ പ്രശാന്ത്, ഡെപ്യൂട്ടി കമ്മിഷ്ണര്‍ ഓഫ് പോലിസ് ഹനുമന്തരായ, മംഗളൂരു പോലിസ് കമ്മിഷ്ണര്‍ ടി.ആര് സുരേഷ് എന്നിവരുടെ നിര്‍ദേശത്തിലാണ് റെയ്ഡ് നടന്നത്.