മംഗലൂരുവില്‍ ശ്രീരാമ സേന; കൊച്ചിയില്‍ ശിവസേന-യുവതീ യുവാക്കള്‍ക്ക് ഈ മണ്ണില്‍ വഴി നടക്കാന്‍ സാധിക്കില്ലേ..?

  • Post category:news
  • Reading time:1 min read
You are currently viewing മംഗലൂരുവില്‍ ശ്രീരാമ സേന; കൊച്ചിയില്‍ ശിവസേന-യുവതീ യുവാക്കള്‍ക്ക് ഈ മണ്ണില്‍ വഴി നടക്കാന്‍ സാധിക്കില്ലേ..?

കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഇന്നലെ നടന്ന സദാചാര ഗുണ്ടായിസത്തില്‍ സാംസ്‌കാരിക കേരളം ലജ്ജിച്ചു തലതാഴ്ത്തുന്നു. ഇവിടെ കമിതാക്കളെ ചൂരല്‍ കൊണ്ട് തല്ലിയത് ശിവസേനയാണെങ്കില്‍ അല്‍പ്പകാലം മുമ്പ് മംഗലൂരുവില്‍ തല്ലിച്ചതച്ചത് ശ്രീരാമസേന ആയിരുന്നു. കമിതാക്കള്‍ എന്ന ലേബലില്‍ ഇവര്‍ ഇത്തരത്തില്‍ കണ്ണില്‍ കണ്ട യുവതീ യുവാക്കളെയെല്ലാം അധികാര ഭാവത്തില്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇതില്‍പെട്ട് പോറല്‍ ഏല്‍ക്കുന്നത് ഈ അക്രമത്തിന് വിധേയരാകുന്ന യുവതീ യുവാക്കളുടെ ഹൃദയം മാത്രമല്ല, അവരുടെ കുടുംബവും സമൂഹവുമാണ്. മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കള്‍ക്ക് നേരെ ശിവസേനക്കാര്‍ ആക്രമണം നടത്തുമ്പോള്‍ പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും മര്‍ദ്ദനം തടയാന്‍ അവര്‍ക്ക് സാധിച്ചില്ലായെന്നതാണ് നിര്‍ഭാഗ്യകരമായ യഥാര്‍ഥ്യം. പെണ്‍കുട്ടികള്‍ക്ക് എതിരെയായ ലൈംഗിക അതിക്രമം കേരളത്തില്‍ അടിക്കടി പെരുകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടയിലാണ് മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരിക്കുകയായിരുന്ന യുവതീ യുവാക്കളെ തല്ലുകയും അവിടെ നിന്ന് ഓടിച്ച് വിടുകയും ചെയ്തത്.
ഇതിന് സമാനമായാണ് മംഗലൂരുവില്‍ പബ്ബുകള്‍ക്ക് നേരെ ശ്രീരാമസേനക്കാര്‍ ആക്രമണം അഴിച്ചുവിട്ടത്. രാത്രി വേളകളില്‍ പബ്ബുകളില്‍ ഇരുന്ന യുവതീ യുവാക്കളെയാണ് സദാചാര പോലീസ് ചമഞ്ഞ് ശ്രീരാമ സേനക്കാര്‍ നിര്‍ദയം കൈകാര്യം ചെയ്തത്. വിഭിന്ന മതസ്ഥരായ യുവതീ യുവാക്കള്‍ പൊതു സ്ഥലങ്ങളില്‍ ഒരുമിച്ച് നടക്കരുതെന്ന താക്കീതാണ് ‘സദാചാര പോലീസിങ്’ എറ്റെടുത്ത ശിവസേനക്കാരും ശ്രീരാമസേനക്കാരും സമൂഹത്തിന് നല്‍കുന്നത്! മതാന്ധത കൊണ്ട് വീര്‍പ്പുമുട്ടുന്ന ഇത്തരം സംഘടനകള്‍ക്ക് നിയമം കയ്യിലെടുക്കാന്‍ ആരാണ് അനുവാദം നല്‍കിയതെന്ന ചോദ്യം സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തുന്നു. നിയമത്തെ കാറ്റില്‍ പറത്തി നാട്ടില്‍ അക്രമതേര്‍വാഴ്ച നടത്തുന്ന ഇത്തരം ‘സേന’ക്കാരെ  കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ ഭരണകൂടത്തിന് വീഴ്ച പറ്റുകയല്ലേ? ഇടുങ്ങിയ മതബോധത്തിന്റെ മേലങ്കി അണിഞ്ഞ് സദാചാര പോലീസ് ചമയുന്ന സാമൂഹ്യ ദ്രോഹികള്‍ വടക്ക് കാസര്‍കോട് മുതല്‍ തെക്ക് തിരുവനന്തപുരം വരെ ഇടക്കിടെ തലപൊക്കുന്നത് പ്രബുദ്ധ കേരളത്തിന് അപമാനവും തീരാ കളങ്കവുമാണ്. മംഗലൂരുവിലും കൊച്ചിയിലും അരങ്ങേറിയ നെറികേടുകള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമോ?
0Shares