
ന്യൂഡല്‍ഹി: ഇന്ത്യ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്നും,രാജ്യത്തെ
സംബന്ധിച്ചിടത്തോളം ഇത് വൻ നേട്ടമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബഹിരാകാശത്തില്‍ ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ വികസിപ്പിച്ചെടുക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഇന്ത്യയ്ക്ക് മുന്‍പ്, ചൈന, റഷ്യ, അമേരിക്ക എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍.

ഇന്ത്യ നടത്തിയ ദൌത്യത്തിന്‍റെ പേര് മിഷന്‍ ശക്തി എന്നായിരുന്നു. കേവലം മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ പരീക്ഷണത്തില്‍ ആക്രമിച്ച് വീഴ്‍ത്തിയത്. ചാര പ്രവൃത്തികള്‍ക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്‍ത്താം. ഇന്ത്യയുടെ എ-സൈറ്റ് മിസൈൽ ഉപയോഗിച്ച് ലോ ഓര്‍ബിറ്റ് സാറ്റലൈറ്റിനെ മൂന്ന് മിനിട്ടിനുള്ളില്‍ ആക്രമിച്ച് നശിപ്പിക്കാന്‍സാധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിലെ എല്ലാ പൌരന്മാര്‍ക്കും അഭിമാനത്തിന്‍റെ ദിവസമാണിന്നെന്നും പ്രധാനമന്ത്രി തന്‍റെ സന്ദേശത്തില്‍ പറഞ്ഞു.
