
മഹാരാഷ്ട്രയ്ക്ക് ഒരു ബി.ജെ.പി മുഖ്യമന്ത്രിയുടെ ആവശ്യമില്ലെന്നും ശരദ് പവാര്‍ മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും ശിവസേന അധ്യകഷന്‍ ഉദ്ദവ് താക്കറെ. നിങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലെന്നും താക്കറെ ബി.ജെ.പിയോടു പറഞ്ഞു. ‘നിങ്ങള്‍ മറ്റുള്ളവരെ ഭയപ്പെടുത്തുകയാണ്. ഹിറ്റ്ലര്‍ മരിച്ചുവെന്നത് വ്യക്തമാണ്.’- അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് ഒന്നര ദിവസം മാത്രം ശേഷിക്കെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമാണ്. ശിവസേനാ എം.എല്‍.എമാരെ ഇന്നുച്ചയ്ക്ക് 12.30-ന് കാണാന്‍ ഉദ്ധവ് താക്കറെ തീരുമാനിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ണായ തീരുമാനമുണ്ടാകാം എന്നാണ് കരുതപ്പെടുന്നത്.
അതേസമയം ബി.ജെ.പിയോടുള്ള സമീപനത്തില്‍ തങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ലെന്ന്‍ വ്യക്തമാക്കി അദ്ദേഹം അവരെ രൂക്ഷമായി വിമര്‍ശിച്ചു. കാവല്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനോട് സംസാരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഡല്‍ഹിയിലെ തെരുവുകളിലേക്ക് പോലീസിറങ്ങിയിരിക്കുന്നു. കഴിഞ്ഞ 72 മണിക്കൂറായി ഡല്‍ഹിയില്‍ ക്രമസമാധാനമില്ല. തലസ്ഥാനത്തെപ്പോലെ മഹാരാഷ്ട്രയും മലിനമാക്കരുത്.’- അദ്ദേഹം മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
