തുര്‍ക്കി: രണ്ടു യുവതികള്‍ നടക്കുന്ന നടപ്പാത അപ്രതീക്ഷിതമായി തകരുകയും അപകടത്തില്‍പ്പെടുകയും ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തുര്‍ക്കിയിലെ ദിയര്‍ബക്കിര്‍ സിറ്റിയില്‍ ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. സൂസന്‍ കുഡേ ബാലിക്, ഒസ്ലെം ഡുയ്മാസ് എന്നീ യുവതികള്‍ അഴുക്കുചാലിന് മുകളിലൂടെയുളള നടപ്പാതയിലൂടെ സംസാരിച്ചുകൊണ്ട് വരികയായിരുന്നു. കുറച്ചു നിമിഷം ഇരുവരും നടപ്പാതയില്‍ ഒരിടത്ത് നിന്നുകൊണ്ട് സംസാരം തുടര്‍ന്നു. പെട്ടെന്നാണ് ഇവര്‍ നില്‍ക്കുന്നിടം ഇടിഞ്ഞ് താഴേക്ക് പതിച്ചത്.
കൂടെ ഇരുവരും ഗര്‍ത്തത്തിലേക്ക് അകപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികള്‍ ഓടിയെത്തി കുഴിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇവരെ പുറത്തെടുത്തു. രണ്ടുപേര്‍ക്കും നിസ്സാര പരിക്കുകള്‍ മാത്രമേ ഉള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുര്‍ക്കി പോലീസ് സുരക്ഷാ സേനയാണ് വീഡിയോ ദൃശ്യം പുറത്തുവിട്ടത്.