ഹൈദരാബാദ്: ഭൂമിക്കടിയില്‍ ശിവലിംഗം ഉണ്ടെന്ന് തുടര്‍ച്ചയായി സ്വപ്നം കണ്ട യുവാവിന്റെ വാക്ക് കേട്ട് ചാടി പുറപ്പെട്ട നാട്ടുകാരും അധികാരികളും തങ്ങളെ കുഴിയില്‍ ചാടിച്ചവനെതിരെ രോഷം പൂണ്ടു. മണ്ണിനടിയില്‍ ശിവലിംഗം ഉണ്ടെന്ന് യുവാവ് തുടര്‍ച്ചയായി സ്വപ്നം കണ്ടതിനെ തുടര്‍ന്ന് ആ വിവരം നാട്ടുകാരും അധികാരികളും ചേര്‍ന്ന് പുറം ലോകത്തെ അറിയിയിച്ചു. തുടര്‍ന്ന് നാട്ടുകാരും അധികാരികളും ചേര്‍ന്ന് ദേശീയ പാത കുഴിച്ചു. ഗതാഗത തടസ്സമായതോടെ പരാതിയുമായി യാത്രക്കാര്‍ പോലീസിനെ സമീപിച്ചു. യുവാവിനെയും ഇതിന് കൂട്ടുനിന്ന നാട്ടുകൂട്ടം തലവനെയും നാട്ടുകാരെയുമെല്ലാം പോലീസ് അറസ്റ്റ് ചെയ്തു. 30 കാരനായ ലാഘന്‍ മനോജ് എന്നയാളുടെ സ്വപ്ന ദര്‍ശന ഫലം ആണ് ഇതിനെല്ലാം വിനയായത്.

പരമശിവന്‍ തുടര്‍ച്ചയായി തന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടതായും ഒരു പ്രത്യേക സ്ഥലം ചൂണ്ടിക്കാട്ടി ഇവിടെ ശിവലിംഗം ഉണ്ടെന്നും അത് കണ്ടെത്തി അവിടെ ക്ഷേത്രം പണിയണമെന്നും തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് യുവാവ് അവകാശപ്പെട്ടത്. ശിവഭക്തനായ മനോജ് മൂന്ന് വര്‍ഷമായി താന്‍ ഇക്കാര്യം സ്വപ്നം കാണുന്നതായിട്ടാണ് വെളിപ്പെടുത്തിയത്. തിങ്കളാഴ്ച തോറും പതിവായി ഈ പ്രത്യേക സ്ഥലത്ത് എത്തി പൂജയും ബാധ കയറലുമൊക്കെയായതൊടെ വിഷയം നാട്ടുകാരും നാട്ടുകൂട്ടവും മുനിസിപ്പല്‍ അധികാരികളുമെല്ലാം ഏറ്റെടുക്കുകയും തുടര്‍ന്ന് ജെസിബിയും മറ്റും കൊണ്ടുവന്ന് ദേശീയ പാത കുഴിക്കുകയുമായിരുന്നു. യുവാവ് പ്രാര്‍ത്ഥനയും പൂജയും നടത്തിയ ശേഷം പതിവായി ബോധംകെട്ടു വീഴുകയും പിന്നീട് ഭൂതബാധ കയറിയപോലെ പെരുമാറുകയും ചെയ്തപ്പോള്‍ കണ്ടു നിന്നവര്‍ക്കും സംശയമായി. കുഴി വന്‍ ഗര്‍ത്തമായിട്ടും ശിവലിംഗം കണ്ടെത്താന്‍ സാധിച്ചില്ല. ദേശീയ പാതയില്‍ ട്രാഫിക് ജാം ആയതോടെ പോലീസെത്തി ‘സ്വപ്‌നാടകനെയും’ മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.