ഭീകരര്‍ ബോംബുകളും തോക്കുകളുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ എന്‍റെ ജവാന്മാര്‍ക്ക് വെടിവെയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വാങ്ങണോ?: നരേന്ദ്ര മോഡി

  • Post category:news
  • Reading time:1 min read
You are currently viewing ഭീകരര്‍ ബോംബുകളും തോക്കുകളുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ എന്‍റെ ജവാന്മാര്‍ക്ക് വെടിവെയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വാങ്ങണോ?: നരേന്ദ്ര മോഡി

ഭീകരര്‍ ബോംബുകളും തോക്കുകളുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ജവാന്മാര്‍ക്ക് വെടിവെയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട്‌ അനുമതി ചോദിക്കാന്‍ കഴിയുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ‘എന്‍റെ ജവാന്മാര്‍’ എന്നു വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മോഡിയുടെ പ്രസംഗം. യു.പിയിലെ കുശിനഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മോഡി രംഗത്തെത്തിയത്.

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ ഇന്നു രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം കൊന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മോഡിയുടെ പ്രസംഗം. ‘ഭീകരര്‍ ജവാന്മാര്‍ക്ക് മുന്നില്‍ ബോംബുകളും തോക്കുകളുമായി നില്‍ക്കുകയാണ്. ഈ സമയം എന്‍റെ ജവാന്മാര്‍ക്കു വെടിവെയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വാങ്ങണോ? ഞാന്‍ കാശ്മീരിലേക്കു പോയതിനുശേഷം ഓരോ സെക്കന്‍ഡിലോ മൂന്നാം ദിവസമോ അവിടെ വൃത്തിയാക്കല്‍ നടക്കും. അതാണെന്‍റെ ‘ക്ലീന്‍-അപ്പ് ഓപ്പറേഷന്‍’.’- മോഡി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ‘എന്‍റെ ജവാന്മാര്‍’ എന്ന വിശേഷണത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുന്‍പ് സൈന്യത്തെ ‘മോഡിജി കാ സേന’ എന്നു വിശേഷിപ്പിച്ചതിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി ലഭിച്ചിരുന്നു. മാത്രമല്ല, മുന്‍ സൈനിക ഉദ്യോഗസ്ഥരും ഇരുവര്‍ക്കുമെതിരേ രംഗത്തെത്തിയിരുന്നു. സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്.

0Shares