ഭിന്ന ശേഷിക്കാരോട് ‘കാല് തല്ലിയൊടിക്കു’മെന്ന് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയുടെ ഭീഷണി

  • Post category:news
  • Reading time:1 min read
You are currently viewing ഭിന്ന ശേഷിക്കാരോട് ‘കാല് തല്ലിയൊടിക്കു’മെന്ന് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയുടെ ഭീഷണി

അസനോള്‍: ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ പങ്കെടുക്കവേ ‘കാലു തല്ലിയൊടിക്കു’മെന്ന ഭീഷണി മുഴക്കി പുലിവാലു പിടിച്ച് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ. പശ്ചിമബംഗാളിലെ അസനോളില്‍ ചൊവ്വാഴ്ചയാണ് വിവാദ സംഭവം നടന്നത്. ‘സാമാജിക് അധികാരിത ശിബിര്‍’ എന്ന പരിപാടിയില്‍ എത്തിയതായിരുന്നു മന്ത്രി. ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതായിരുന്നു പരിപാടി. മന്ത്രിയുടെ പ്രസംഗം നടക്കുന്നതിനിടെ സദസിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റു നടന്നതിനെ തുടര്‍ന്നാണ് മന്ത്രി പ്രകോപിതനായത്. ഇതു കണ്ട മന്ത്രി അയാളോട് മൈക്കിലൂടെ ദേഷ്യപ്പെടുകയായിരുന്നു. ‘നിങ്ങള്‍ക്കെന്താണ് പറ്റിയത്? എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഇനി നിങ്ങള്‍ അവിടെനിന്ന് അനങ്ങിയാല്‍ കാല് ഞാന്‍ തല്ലിയൊടിക്കും. എന്നിട്ട് ഒരു ഊന്നിവടിയും തരും’- മന്ത്രി പറഞ്ഞു. പ്രസംഗിച്ചത് പോരാതെ സുരക്ഷാ ജീവനക്കാരോട് മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു. ഔചിത്യമില്ലാത്ത പ്രസ്താവനകളുടെ പേരില്‍ മുമ്പും ബാബുല്‍ സുപ്രിയോ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. അസനോളില്‍നിന്നുള്ള ബി.ജെ.പി എം.പി യായ സുപ്രിയോ പിന്നണി ഗായകനുമാണ്. നിലവില്‍ കേന്ദ്ര സഹമന്ത്രിയാണ് ബാബുല്‍ സുപ്രിയോ. നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയുമാണ് അദ്ദേഹം.

0Shares