തിരുവനന്തപുരം: ആസിഫയുടെപേരിൽ വാട്സാപ്പ് ഹർത്താൽ നടത്തിയ സംഭവത്തിൽ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. തീവ്ര സ്വഭാവമുള്ള ചിലയാളുകൾ വാട്സ് ആപ്പ് ഹർത്താലിന് ആഹ്വനം ചെയ്യുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. ഇതിന് മുന്നിട്ടിറങ്ങിയ യുവാക്കളെ നിരീക്ഷിച്ചുവരികയാണ്. സംസ്ഥാനസര്‍ക്കാറിൻ്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണിത്. തീവ്രസ്വഭാവമുള്ള ചില സംഘടനകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനംചെയ്ത് സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കിയെന്നാണ് പോലീസിൻ്റെ വിലയിരുത്തല്‍. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ആസൂത്രണം നടന്നത്. സംസ്ഥാനവ്യാപകമായി ഇത്തരമൊരു പ്രവണതയുണ്ടായത് അപകടകരമാണ്. കേസിലുള്‍പ്പെട്ടവരുടെ പട്ടിക എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറും. ഹര്‍ത്താല്‍ ആഹ്വാനമുണ്ടായപ്പോള്‍ത്തന്നെ പോലീസ് അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു.
ഹര്‍ത്താലിന് പിന്തുണയില്ലെന്നാണ് നേതാക്കള്‍ പോലീസിനെ അറിയിച്ചതെന്നും പോലീസ് പറഞ്ഞു. അക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ചിനു കീഴിലുള്ള ഹൈടെക് സെല്‍ ആണ് അന്വേഷിക്കുക. വാട്‌സാപ്പ്, ഫേസ്‌ബുക്ക് എന്നീ സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരെ കണ്ടെത്താനാണ് ശ്രമം. അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. കശ്മീരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാനെന്ന പേരിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. മതസ്പര്‍ധ ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്തുകയാണ് ലക്ഷ്യം. അക്രമം നടത്തിയ ചിലര്‍ ലോക്കല്‍ പോലീസിൻ്റെ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവരെ പിടികൂടാന്‍ ശ്രമം തുടരുകയാണെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
ഹര്‍ത്താലിനിടെ നടന്ന അക്രമ സംഭവങ്ങളുടെയും ആളുകളെ ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ വാട്‌സാപ്പിലും ഫേസ്‌ബുക്കിലും പരക്കുകയാണ്. ഇതിൻ്റെ ഉറവിടവും പോലീസ് അന്വേഷിക്കുന്നുണ്ട്. സാധാരണ ഹര്‍ത്താല്‍ ആഹ്വാനങ്ങളില്‍നിന്നു വ്യത്യസ്തമായി സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളും വരികള്‍ക്കിടയില്‍ ഒളിപ്പിച്ച വിദ്വേഷവും നിറഞ്ഞതായിരുന്നു സന്ദേശം. രാജ്യം മുഴുവന്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തില്‍ മാത്രമാണു ഹര്‍ത്താല്‍ ആഹ്വാനം പ്രചരിച്ചത്. സഹകരിക്കാത്തവരെ ആക്രമിക്കാനുള്ള പരോക്ഷ ആഹ്വാനവും സന്ദേശത്തില്‍ അടങ്ങിയിരുന്നു. ഹര്‍ത്താല്‍ ആഹ്വാനത്തിനു രണ്ടു ദിവസം മുന്‍പുതന്നെ കഠ്‌വ സംഭവത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രചാരണവും നടന്നു. എന്നാൽ അക്രമത്തിലേക്ക വഴിതിരിഞ്ഞ അപ്രഖ്യാപിത ഹര്‍ത്താലിനു കളമൊരുങ്ങുന്നതും അതിലെ അക്രമ സാധ്യതയും മുന്‍കൂട്ടി അറിയുന്നതില്‍ സംസ്ഥാന ഇന്റലിജന്‍സിനു ഗുരുതര വീഴ്ച പറ്റി. ഇക്കാര്യത്തിലുള്ള അതൃപ്തി മുഖ്യമന്ത്രിയുടെ ഓഫിസ് പോലീസ് ഉന്നതരെ അറിയിച്ചു. ഹര്‍ത്താലിനെക്കുറിച്ചു നവമാധ്യമത്തില്‍ രൂപംകൊണ്ട ചര്‍ച്ചയും അതിനു പിന്നിലെ തീവ്രവാദ സ്വഭാവവും തിരിച്ചറിയുന്നതിലാണ് ഇന്റലിജന്‍സ് പരാജയപ്പെട്ടത്. ഇതാണ് ഹര്‍ത്താലിൻ്റെ മറവില്‍ വ്യാപക അക്രമത്തിന് ഇടയാക്കിയത്. ഈ കേസുകളിലുള്‍പ്പെട്ടവര്‍ക്ക് ഭാവിയില്‍ ഒരു കാരണവശാലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഭാവിയില്‍ ഒരു കാരണവശാലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ആഭ്യന്തരവകുപ്പ്; വാട്സ് ആപ്പ് സന്ദേശത്തിൻ്റെ പേരിൽ തെരുവിലിറങ്ങിയ യുവാക്കൾക്ക് കഷ്ടകാലം