തിരുവനന്തപുരം: സംസ്ഥാനത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനവും കൊലപാതകങ്ങളും കൂടിയതോടെ ഗുണ്ടാവേട്ടയ്ക്കു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. 2010 ഗുണ്ടകളുടെ പട്ടിക ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കി. ക്വട്ടേഷന്‍ സ്വീകരിച്ച് ആക്രമണം നടത്തുന്ന ഇത്തരക്കാര്‍ക്കെതിരെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ട്. കൊച്ചിയില്‍ പ്രമുഖ നടിക്ക് നേരെ ഗുണ്ടാ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് കര്‍ശന നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

റെയ്ഞ്ച് ഐജി, എസ്പിമാര്, കളക്ടര്‍മാര്‍ എന്നിവര്‍ക്കാണ് ഇന്റലിജന്‍സ് പട്ടിക കൈമാറിയിരിക്കുന്നത്. പട്ടികയില്‍ വിവിധ സ്ഥലങ്ങളിലെ ഗുണ്ടകളെ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഇത് പ്രകാരം ആലപ്പുഴയില്‍ 336, കണ്ണൂരില്‍ 305, തിരുവനന്തപുരത്ത് 236, എറണാകുളം സിറ്റിയില്‍ 85 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ള സ്ഥലങ്ങളാണ് ഇത്. ഇവര്‍ക്കെതിരെ ഒരുമാസത്തിനുള്ളില്‍ നടപടികളെടുക്കാനാണ് നിര്‍ദ്ദേശം.
