ഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തി 72 കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച സോഫ്റ്റവേര്‍ എഞ്ചിനീയറായ യുവാവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡല്‍ഹി സ്വദേശി രാജേഷിനെയാണ് ഭാര്യ അനുപമയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിച്ചത്. ഡെറാഡൂണ്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഭാര്യ അനുപമയെ ക്രൂരമായി കൊലപ്പെടുത്തുകയും 72 കഷ്ണങ്ങളാക്കി മൃതദേഹം ഒളിപ്പിച്ചുവെയ്ക്കുകയും ചെയ്തെന്നാണു ഇയാള്‍ക്കെതിരെയുള്ള കുറ്റം. 2010 ഒക്ടോബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. രാജേഷിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇതുസംബന്ധിച്ച കുടുംബ വഴക്കിനിടെ അനുപമയെ രാജേഷ് ക്രൂരമായി മര്‍ദ്ദിച്ചു.
അനുപമയുടെ തല ചുമരിലിടിയ്ക്കുകയും ബോധരഹിതയാവുകയും ചെയ്തു. തുടര്‍ന്ന് രാജേഷ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കവറിലാക്കി ഫ്രീസറിനുള്ളില്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്തു. നാല് വയസ്സുള്ള ഇരട്ടക്കുട്ടികളോട് അമ്മ ഡല്‍ഹിയിലാണെന്നാണ് രാജേഷ് പറഞ്ഞിരുന്നത്. അനുപമയെ കാണാതായതിനെ തുടര്‍ന്ന് പോലിസില്‍ സഹോദരന്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയില്‍ സംശയം തോന്നിയ അനുപമയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തറിഞ്ഞത്. 2011 മാര്‍ച്ച് പത്തിനാണ് രാജേഷിനെ പോലിസ് അറസ്റ്റുചെയ്യുന്നത്. 350 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പിച്ചത്.
