
ഒരു സിദ്ധന്‍റെ ഉപദേശപ്രകാരം ഭാര്യ തനിക്ക് ലഡ്ഡു മാത്രം കഴിക്കാനായി നല്‍കുന്നുവെന്നും തനിക്ക് വിവാഹ മോചനം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് യുവാവ് കുടുംബ കോടതിയെ സമീപിച്ചു.ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് സഹായം തേടി കോടതിയിലെത്തിയത്. കുറച്ചുകാലമായി അസുഖബാധിതനാണ് യുവാവ്. ഭര്‍ത്താവിന്‍റെ രോഗം മാറാനുള്ള മാര്‍ഗം തേടി സമീപിച്ച യുവതിയോട് ഭര്‍ത്താവിന് ദിവസേന രണ്ടുനേരം ലഡ്ഡു മാത്രം നല്‍കാന്‍ സിദ്ധന്‍ ഉപദേശിക്കുകയായിരുന്നുവെന്നാണ് വിവരം.

രാവിലെയും രാത്രിയും നാല് ലഡ്ഡു വീതമാണ് യുവാവിന്‍റെ ഭാര്യ കഴിക്കാനായി നല്‍കിയിരുന്നത്. മറ്റ് ഭക്ഷണം നല്‍കുകയോ കഴിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് യുവാവ് പറഞ്ഞു.തനിക്കിനി പീഡനം സഹിക്കാനാവില്ലെന്നും വിവാഹമോചനം വേണമെന്നും യുവാവ് കോടതിയെ ധരിപ്പിക്കുകയായിരുന്നു.
അതേസമയം കോടതിയുടെ കൗണ്‍സിലിങ് പാനലും ആകെ കുഴങ്ങിയ അവസ്ഥയിലാണ്. കാരണം ദമ്പതികളെ കൗണ്‍സിലിങ്ങിന് വിധേയരാക്കാമെങ്കിലും യുവതിയെ അന്ധവിശ്വാസത്തില്‍ നിന്ന് മോചിപ്പിക്കാനാവില്ലെന്ന് ആണ് പാനല്‍ പറയുന്നത്.
