
ന്യൂഡല്‍ഹി : മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന മുത്തലാഖിനെതിരെ നിയമ പോരാട്ടം നടത്തിയവരില്‍ ഉള്‍പ്പെട്ട ഇസ്രത്ത് ജഹാന് ബി.ജെ.പിയില്‍ ചേര്‍ന്നു. ബംഗാള്‍ ഘടകത്തിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇസ്രത്ത് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി മഹിള മോര്‍ച്ച അദ്ധ്യക്ഷ ലോകേത് ചാറ്റര്‍ജി ഇസ്രത്തിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.

മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിക്കുകയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധന ബില്‍ പാസാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇസ്രത്ത് ജഹാന്റെ ബി.ജെ.പി പ്രവേശനം. ഇസ്രത്തിനെ ഭര്‍ത്താവ് ദുബായില്‍ നിന്ന് ഫോണില്‍ വിളിച്ച് മൊഴിചൊല്ലുകയായിരുന്നു. ഇതിനെതിരെ ഇവര്‍ കോടതിയെ സമീപിച്ചു. ഇതുള്‍പ്പെടെ 7 ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീം കോടതി മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചത്. എന്നാല്‍ മുത്തലാഖിനെതിരെ നിയമപോരാട്ടം ആരംഭിച്ചത് മുതല്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇസ്രത്ത് പറയുന്നു. കോടതി വിധി വന്നതോടെ കടുത്ത രീതിയില്‍ ഒറ്റപ്പെടുത്തലുകളുണ്ടായെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ തന്നെ ബി.ജെ.പി പിന്തുണച്ചിരുന്നുവെന്നും അവര്‍ അറിയിച്ചു.
