ഭര്‍ത്താവിന്റെ സ്വന്തമല്ലെങ്കിലും വിവാഹമോചനം കോടതി അനുവദിക്കുന്നതു വരെ ഭര്‍തൃവീട്ടില്‍ താമസിക്കാം; മുബൈ ഹൈക്കോടതിയുടെതാണ് ഉത്തരവ്

  • Post category:news
  • Reading time:1 min read
You are currently viewing ഭര്‍ത്താവിന്റെ സ്വന്തമല്ലെങ്കിലും വിവാഹമോചനം കോടതി അനുവദിക്കുന്നതു വരെ ഭര്‍തൃവീട്ടില്‍ താമസിക്കാം; മുബൈ ഹൈക്കോടതിയുടെതാണ് ഉത്തരവ്

മുംബൈ: ഭര്‍ത്താവിന്റെ സ്വന്തമല്ലെങ്കിലും ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്നു മുബൈ ഹൈക്കോടതി. വിവാഹമോചനം കോടതി അനുവദിക്കുന്നതു വരെ ഭര്‍തൃവീട്ടില്‍ താമസിക്കാമെന്നും ആര്‍ക്കും പുറത്താക്കാനാവില്ലെന്നും സുപ്രധാന ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കുന്നു. ആദ്യ ഭര്‍ത്താവില്‍നിന്നു വിവാഹമോചനം നേടാന്‍ ഭാര്യ തയാറാകുക, അതല്ലെങ്കില്‍ തന്റെ ബന്ധം റദ്ദാക്കുക എന്നീ ആവശ്യങ്ങളുമായാണ് മുംബൈ സ്വദേശി ഹര്‍ജി നല്‍കിയത്. മുംബൈയിലെ കുടുംബ കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് ആദ്യം വന്നത്. മുളുന്‍ഡില്‍ തന്റെ പിതാവിന്റെ ഫ്‌ളാറ്റ് യുവതി കയ്യടക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി പരിഗണിച്ച കുടുംബ കോടതി, നിലവിലെ സ്ഥിതി തുടരണമെന്നു വിധിച്ചു. എന്നാല്‍ 2014 സെപ്റ്റംബറിലെ വിധി 2017 മെയ് മാസത്തില്‍ കുടുംബ കോടതി റദ്ദാക്കി. യുവാവിന്റെ പിതാവിന്റെ പേരിലാണു ഫ്‌ളാറ്റ് എന്നും യുവാവ് ഇവിടെനിന്നു മാറി നവി മുംബൈയിലാണ് താമസമെന്നും സൂചിപ്പിച്ചാണ് മുന്‍ ഉത്തരവ് റദ്ദാക്കിയത്. ഈ ഫ്ളാറ്റില്‍ താമസിക്കാന്‍ അര്‍ഹതയില്ലെന്നു കുടുംബ കോടതി വിധിച്ചതിനെ തുടര്‍ന്നു യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്നെ വീട്ടില്‍നിന്നും പുറത്താക്കിയെന്നായിരുന്നു യുവതിയുടെ പരാതി. ഭര്‍തൃപിതാവിന്റെ പേരിലുള്ള വസ്തുവാണെങ്കിലും യുവതി കല്യാണശേഷം ഭര്‍തൃവീടായി കണ്ട് താമസിച്ചിരുന്നത് ഈ ഫ്‌ലാറ്റിലാണെന്നും അവരെ നിയമപ്രകാരം പുറത്താക്കാനാവില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കാമെങ്കിലും ബന്ധുക്കളുടെ സ്ഥലത്തു താമസിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുഭാഗത്തിന്റെ വാദം. ഇരുപക്ഷത്തെയും വാദങ്ങള്‍ കേട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശാലിനി ഫന്‍സാല്‍ക്കര്‍, ഗാര്‍ഹിക പീഡന നിയമ പ്രകാരം സ്ത്രീക്കു ഭര്‍തൃഗൃഹത്തില്‍ താമസിക്കാന്‍ അവകാശമുണ്ടെന്നു വ്യക്തമാക്കി. ഭര്‍ത്താവ് വേറെയാണു താമസിക്കുന്നത് എന്നതിനു തെളിവു ഹാജരാക്കാനായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രശ്നം തുടങ്ങുന്നതിനു മുന്‍പു രണ്ടുപേരും മുളുന്‍ഡിലെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. കേസ് തീരുന്നതുവരെ യുവതിക്ക് ഇവിടെത്തന്നെ താമസിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

0Shares