
തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കുന്നതിനൊപ്പം വിദ്യാർഥികൾക്കടക്കമുള്ള എല്ലാ സൗജന്യങ്ങളും നിര്‍ത്തിവെക്കണം എന്നും സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിക്കണമെങ്കിൽ സർക്കാർ നിശ്ചിത വിഹിതം സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ നിരക്ക് വർധനയുമായി ബന്ധപ്പെട്ട് 30ന് തിരുവനന്തപുരം ട്രാൻസ് ടവറിൽ നടക്കുന്ന പൊതു ഹിയറിങ്ങിൽ ഉന്നയിക്കും.

അതേസമയം, വർധിപ്പിക്കേണ്ട നിരക്കും കിലോമീറ്റർ ചാർജും എത്രയെന്നത് ചൊവ്വാഴ്ച ചേരുന്ന ബസുടമ സംഘടനകളുടെ സ്റ്റിയറിങ് കമ്മിറ്റിയിൽ ഉന്നയിക്കും. കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായി മന്ത്രി നിലവിലില്ലാത്ത സാഹചര്യം മുൻനിർത്തി സർക്കാറിനെ സമ്മർദത്തിലാക്കുകയാണ് ബസുടമകളുടെ ലക്ഷ്യം. വിദ്യാർഥികൾക്കു പുറമേ, വൈകല്യമുള്ള യാത്രക്കാർക്കും ഇളവ് നൽകാറുണ്ടെന്നാണ് ബസുടമകളുടെ അവകാശവാദം.
2014 മേയ് 19നാണ് ഏറ്റവും ഒടുവിൽ ബസ് ചാർജ് കൂട്ടിയത്. മിനിമം നിരക്ക് ആറ് രൂപയിൽനിന്ന് ഏഴാക്കിയിരുന്നു. ഇതിനുശേഷം ഇന്ധന നിരക്കിൽ 10 രൂപയുടെ വർധനയുണ്ടായെന്നും നിരക്ക് വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്നുമാണ് ബസുടമകളുടെ വാദം. മൂന്നു വർഷത്തിനുള്ളിൽ ജീവനക്കാരുടെ ശമ്പളം ഉയർന്നതും ഇൻഷുറൻസ് പ്രീമിയത്തിൽ 68 ശതമാനം വർധനയുണ്ടായതും അവർ ചൂണ്ടിക്കാട്ടുന്നു.
