ബ്ലൂ വെയില്‍ ഗെയിം: സംസ്ഥാനത്ത് ഇതുവരെ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ബഹ്റ, തടയാന്‍ ഐ.ടി വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

  • Post category:news
  • Reading time:2 mins read
You are currently viewing ബ്ലൂ വെയില്‍ ഗെയിം: സംസ്ഥാനത്ത് ഇതുവരെ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ബഹ്റ, തടയാന്‍ ഐ.ടി വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലൂവെയില്‍ ഗെയിം മൂലം ആരും ആത്മഹത്യചെയ്തിട്ടില്ലെന്ന് സംസ്ഥാന പോലിസ് ചീഫ് ലോക് നാഥ് ബഹ്‌റ. തിരുവനന്തപുരത്തും കണ്ണൂരിലും വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്‌തെന്ന വാര്‍ത്തയെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരിച്ച കുട്ടികളുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പൂര്‍ണ പരിശോധനയ്ക്ക് വിധേയമാക്കും. ഗെയിമില്‍ വീഴാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ പരിപാടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബ്ലൂവെയ്ല്‍ ഗെയിം തടയാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. സോഷ്യല്‍ മീഡിയകളിലൂടെ ബ്‌ളൂ വെയില്‍ ലഭ്യമാവുന്നതു തടയാന്‍ കേന്ദ്ര ഐ.ടി. വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സൈബര്‍ ഇടങ്ങളില്‍ ജാഗ്രതയും വിവേകവും സൃഷ്ടിക്കാന്‍ എല്ലാവരും മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.
സംസ്ഥാനത്ത് ബ്ലൂവെയില്‍ ഗെയിം മൂലം ആത്മഹത്യകള്‍ നടന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ഐ ജി മനോജ് എബ്രഹാം. ഇതുസംബന്ധിച്ച് ലഭിച്ച പരാതികളിന്മേല്‍ അന്വേഷണം നടക്കുകയാണ്. ബ്ലൂവെയില്‍ ഗെയിം സംസ്ഥാനത്ത് വ്യാപകമായി പ്രചരിച്ചിട്ടില്ലെന്നും ഐ ജി വ്യക്തമാക്കി. സംസ്ഥാനത്ത് ഈയിടെ ചില കുട്ടികള്‍ ആത്മഹത്യ ചെയ്തത് ബ്ലൂവെയില്‍ ഗെയിം മൂലമാണെന്ന് പൊലീസിന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഗെയിമിന്റെ ടാസ്‌കുകളില്‍ പറയുന്ന കാര്യങ്ങളില്‍ ആത്മഹത്യ ചെയ്ത കുട്ടികള്‍ ചെയ്തിരുന്നു എന്നതാണ് പരാതികള്‍ക്കാധാരം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം സ്ഥീരീകരിക്കാനാവു എന്നാണ് പൊലീസ് നിലപാട്. ബ്ലൂവെയില്‍ ഗെയിമിന് സംസ്ഥാനത്ത് വ്യാപക പ്രചാരം ലഭിച്ചിട്ടില്ലെന്നും ഐ.ജി വ്യക്തമാക്കി. വിഷാദരോഗത്തിന് അടിമകളായിട്ടുളളവരും ആത്മഹത്യാപ്രേരണയുളള കുട്ടികളുമാണ് കൂടുതലായും ഇത്തരം ഗെയിമുകള്‍ക്ക് അടിമപ്പെടുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. ബോധവത്കരണ പ്രവര്‍ത്തനങ്ങളടക്കം സജീവമാക്കുമെന്നും പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം

ബ്ലൂ വെയില്‍ ഗെയിം വ്യാപിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുന്നു. സോഷ്യല്‍ മീഡിയകളിലൂടെ ബ്‌ളൂ വെയില്‍ ലഭ്യമാവുന്നതു തടയാന്‍ കേന്ദ്ര ഐ.ടി. വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനോട് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. കേരള പൊലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം എന്നിവ മുഖേന ശക്തമായ ഇടപെടലാണുണ്ടാകുന്നത്. സൈബര്‍ ഇടങ്ങളില്‍ കടന്നു ചെല്ലുമ്പോള്‍ അവശ്യം വേണ്ട മുന്‍കരുതലും ജാഗ്രതയും വിവേകവും സൃഷ്ടിക്കാന്‍ എല്ലാവരും മുന്‍കയ്യെടുക്കണം. വിപത്കരവും വിദ്രോഹപരവുമായ ഉള്ളടക്കമുള്ള സൈറ്റുകള്‍ റിപ്പോര്‍ട് ചെയ്യാനുള്ള സന്നദ്ധത ഓരോരുത്തരും കാണിക്കേണ്ടതുണ്ട്.
ഇവ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകള്‍, ഹാഷ് ടാഗുകള്‍, ലിങ്കുകള്‍ എന്നിവ ശ്രദ്ധയില്‍ വന്നാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന്‍ ശ്രദ്ധ വേണം.
ബ്ലൂ വെയില്‍ ഗെയിം കൂടുതല്‍ കുട്ടികളെ മരണത്തിലേക്ക് നയിക്കുന്നു എന്ന വാര്‍ത്തകള്‍ ഉത്കണ്ഠാജനകമാണ്. സൈബര്‍ ലോകത്തു ബ്ലൂ വെയില്‍ അടക്കം അനേകം ഇത്തരം കുരുക്കുകള്‍ ഉണ്ട്. എ സൈലന്റ് ഹൌസ് , എ സീ ഓഫ് വെയില്‍സ്, വേക്ക്അപ് മി അറ്റ് 4.20 F Fw ( ‘A Silent House’, ‘A Sea of Whales’ and ‘Wake me up at 4:20 AM )എന്നിങ്ങനെയുള്ള പേരുകളില്‍ ഇത്തരം ഗെയിമുകള്‍ പ്രചരിക്കുന്നുണ്ട് എന്നാണു മനസ്സിലാക്കുന്നത്. ഇതില്‍ പലതും വര്ഷങ്ങളായി തുടരുന്നതുമാണ്. മകനെ നഷ്ടമായ ഒരമ്മയുടെ നൊമ്പരം കഴിഞ്ഞ ദിവസം ശ്രദ്ധയില്‍ പെട്ടു. എസ് സരോജം എന്ന ആ അമ്മ എഴുതിയ കവിതയും വാചകങ്ങളുമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.ഇന്റര്‍നെറ്റിന്റെ ഉപയോഗം നമ്മെ ലോകത്തോടടുപ്പിക്കുകയും ജീവിതം സുകരമാക്കുകയും ചെയ്യുമ്പോള്‍ തന്നെ ഇത്തരം ചതിക്കുഴികള്‍ സൃഷ്ടിക്കുന്ന അപകടം വലുതാണ്. നിയമം മൂലം ഈ പ്രവണത തടയുന്നതിനൊപ്പം ബോധവല്‍ക്കരണം പ്രധാനമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ ഇത്തരം അപകടത്തില്‍ പതിക്കാതിരിക്കാനുള്ള മുന്‍കൈ, കുരുക്കില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ -ഇവയെക്കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

 

0Shares