ബ്ലൂവെയ്ല്‍ ഗെയിം ഇര കേരളത്തിലും …? തിരുവനന്തപുരം സ്വദേശിയായ 16 കാരന്റെ മരണത്തില്‍ സംശയം

  • Post category:news
  • Reading time:1 min read
You are currently viewing ബ്ലൂവെയ്ല്‍ ഗെയിം ഇര കേരളത്തിലും …? തിരുവനന്തപുരം സ്വദേശിയായ 16 കാരന്റെ മരണത്തില്‍ സംശയം

തിരുവനന്തപുരം: ആഗോളതലത്തില്‍ 130 ഓളം പേരുടെ ജീവനെടുത്ത ബ്ലൂവെയ്ല്‍ ഗെയിം കേരളത്തിലും ഇരയെ കണ്ടെത്തിയതായി സംശയം. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ കൗമാരക്കാരന്റെ ആത്മഹത്യയാണ് സംശയത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. രാജ്യത്ത് ബ്ലൂ വെയില്‍ ഗെയിം നിരോധിച്ചതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വാര്‍ത്ത സംസ്ഥാനത്തു നിന്നും പുറത്തു വന്നത്. ഇക്കഴിഞ്ഞ ജൂലൈ 26നാണ് മനോജ് വീട്ടില്‍ തൂങ്ങിമരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മനോജിന്റെ മരണം ബ്ലൂവെയ്ല്‍ ഗെയിമിന്റെ സ്വാധീനം മൂലമാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
ഗെയിമിന്റെ അടിമയായി മാറിയ വിദ്യാര്‍ഥി കഴിഞ്ഞ നവംബറില്‍ ആത്മഹത്യ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചുവെന്ന് മാതാവ് ഇപ്പോള്‍ വെളിപ്പടുത്തുന്നു. താന്‍ മരിച്ചാല്‍ വിഷമമാകുമോ എന്ന് വിദ്യാര്‍ഥി ചോദിച്ചതായും മരിച്ചുപോയാല്‍ തന്റെ സ്‌നേഹം കൂടി സഹോദരിക്ക് നല്‍കണമെന്നും പറഞ്ഞതായി മാതാവ് അനു ഓര്‍ക്കുന്നു. മകനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ മാതാവ് ശ്രമിച്ചപ്പോഴെല്ലാം ഗെയിം ഉപേക്ഷിച്ചുവെന്നായിരുന്നു വിദ്യാര്‍ഥി പറഞ്ഞിരുന്നത്.

വീട്ടുകാരോട് അകന്ന മനോജ് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ആരംഭിച്ചു. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം മാത്രം പുറത്തു പോകാറുണ്ടായിരുന്ന മനോജ് ഒറ്റയ്ക്ക് കടല്‍ കാണാന്‍ പോയി. വീട്ടുകാരറിയാതെ കോട്ടയം വരെ പോയി വന്നു. നീന്തലറിയാതെ പുഴയില്‍ ചാടി. രാത്രികളില്‍ ഒറ്റയ്ക്ക് സെമിത്തേരിയില്‍ പോയി ഇരുന്ന് ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ജൂലൈ 26-ന് ആത്മഹത്യ ചെയ്യും മുന്‍പ് മനോജ് ഫോണില്‍ നിന്ന് ഗെയിം ഡിലീറ്റ് ചെയ്തിരുന്നുവെന്നാണ് സംശയിക്കുന്നത്. ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മനോജിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകായണ്. ഇതേക്കുറിച്ചുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ മരണകാരണം ബ്ലൂവെയ്ല്‍ ഗെയിം ആണെന്ന് ഈ ഘട്ടത്തില്‍ ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും ഐ.ജി മനോജ് എബ്രഹാം അറിയിച്ചു.

0Shares