
ന്യൂഡൽഹി∙ ബ്രിട്ടിഷ് പൗരത്വ വിവാദത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടിസ് അയച്ചു. രാഹുലിന് ബ്രിട്ടിഷ് പൗരത്വമുണ്ടെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിലാണ് നടപടി. പൗരത്വത്തിന്‍റെ വിശദാംശങ്ങൾ രണ്ടാഴ്ചയ്ക്കുള്ളില്‍ നൽകണമെന്ന് രാഹുലിനോട് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

ബ്രിട്ടനില്‍ രാഹുൽ ഗാന്ധി ഡയറക്ടറായി ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനി 2003ൽ റജിസ്റ്റർ ചെയ്തതായി സുബ്രഹ്മണ്യം സ്വാമി അറിയിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം രാഹുലിനു നല്‍കിയ നോട്ടിസില്‍ പറയുന്നു. ‘ഈ കമ്പനിയുടെ സെക്രട്ടറിയും താങ്കളാണ്. കമ്പനി വാർഷികനികുതി അടച്ച 2005 ഒക്ടോബർ 10, 2006 ഒക്ടോബർ 31 കാലയളവിൽ താങ്കൾ 1970 ജൂൺ 19നാണ് ജനിച്ചതെന്നും ബ്രിട്ടിഷ് പൗരത്വമുണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്. 2009 ഫെബ്രുവരി 17ലെ പിരിച്ചുവിടൽ അപേക്ഷയിലും രാഹുലിന് ബ്രിട്ടിഷ് പൗത്വമുണ്ടെന്നു പറഞ്ഞിട്ടുണ്ട്’ – പരാതി ഉദ്ധരിച്ച് ആഭ്യന്തരമന്ത്രാലയം അയച്ച കത്തിൽ പറയുന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ ശരിയേതെന്ന് തെളിയിക്കുന്ന വിവരങ്ങൾ നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു. 2015 ലാണ് സുബ്രഹ്മണ്യം സ്വാമി ആദ്യമായി ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. 2016ൽ സുബ്രഹ്മണ്യം സ്വാമി കള്ളം പറഞ്ഞ് രാജ്യത്തെ തെറ്റദ്ധരിപ്പിക്കുകയാണെന്നും തെളിവുകൾ ഹാജരാക്കാനും രാഹുല്‍ വെല്ലുവിളിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ തോൽവി ഭയക്കുന്ന നരേന്ദ്ര മോഡിയും അമിത് ഷായും കെട്ടിച്ചമച്ചതാണ് ആരോപണമെന്ന് കോൺഗ്രസ് നേതാവ് സഞ്ജീവ് ഝാ ആരോപിച്ചു.
