മുംബൈ: ബോളിവുഡ് നടനും സംവിധായകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ടോം ആള്‍ട്ടര്‍(67)അന്തരിച്ചു. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്നായിരിന്നു അന്ത്യം. 300 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ആള്‍ട്ടര്‍ ജുനൂന്‍ സീരിയലിലെ അധോലോക നേതാവായ കേശവ് കല്‍സി എന്ന കഥാപാത്രമാണ് ആള്‍ട്ടറിനെ ഏറെ ശ്രദ്ധേയനാക്കിയത്. പ്രിയദര്‍ശന്റെ മലയാള ചിത്രം കാലാപാനിയിലും കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അനുരാഗകരിക്കിന്‍ വെള്ളം എന്ന സിനിമയിലും അദ്ദേഹം ചെറിയ വേഷം ചെയ്തിരുന്നു. മുസൂറിയില്‍ 1950 ലായിരുന്നു ജനനം. അമേരിക്കയില്‍ ഉപരിപഠനത്തിന് ശേഷം 70 കളില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്വര്‍ണ മെഡലോടെ നടനത്തില്‍ ബിരുദം സ്വന്തമാക്കി. രാമാനന്ത് സാഗറിന്റെ 1976 ല്‍ പുറത്തിറങ്ങിയ ചരസ് ആയിരുന്നു ആദ്യ ചിത്രം. സത്യജിത് റേയുടെ ശത് രഞ്ച് കേ കിലാഡി, ശ്യാം ബെനഗലിന്റെ ജുനൂന്‍, മനോജ് കുമാറിന്റെ ക്രാന്തി, രാജ് കപൂറിന്റെ രാം തേരി ഗംഗ എന്നിവയാണ് ആദ്യകാലത്തെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. 90 കളില്‍ അദ്ദേഹം ബോളിവുഡിലെ സ്ഥിരം മുഖമായി. ആഷിഖിയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.
റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി, വണ്‍ നൈറ്റ് വിത്ത് കിങ് എന്നിങ്ങനെ നിരവധി ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചു. ഡോ.വര്‍ഗീസ് കുര്യനെക്കുറിച്ചുള്ള ഓഡിയോ ജീവചരിത്രത്തിന് ശബ്ദം നല്‍കിയത് ആള്‍ട്ടറായിരുന്നു. എഴുത്തുകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ടോം പ്രവര്‍ത്തിച്ചിട്ടുണ്ട്. 80 കളിയും 90 കളിലും കളിയെഴുത്തുകാരനായാണ് അദ്ദേഹം തിളങ്ങിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭിമുഖം ടെലിവിഷനു വേണ്ടി ആദ്യമായി തയ്യാറാക്കിയത് അദ്ദേഹമായിരുന്നു. 2008 ല്‍ പത്മശ്രീ നല്‍കി രാജ്യം ആള്‍ട്ടറെ ആദരിച്ചു. മൂന്നു പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. കരോള്‍ ആണ് ഭാര്യ, ജാമി, അഫ്‌സാന്‍ എന്നിവര്‍ മക്കളാണ്
