കൊച്ചി/ തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്ത് റാക്കറ്റിന‌് നേതൃത്വം കൊടുത്തത് ശ്രീലങ്കന്‍ പൗരന്മാരായ മുന്നുപേരാണെന്ന് സ്ഥിരീകരണം. മൂവരുടെയും വിശദമായ വിവരവും ചിത്രങ്ങളും അന്വേഷണ സംഘത്തിന‌് ലഭിച്ചതായാണ് വിവരം. ഇവരുടെ കേന്ദ്രം ഡല്‍ഹി അംബേദ‌്കര്‍ കോളനിയായിരുന്നു. ഇവിടെ തമ്പടിച്ചാണ് ഇവർ ഡല്‍ഹി, രാമേശ്വരം എന്നിവിടങ്ങളിലെ അഭയാര്‍ഥിക്യാമ്ബുകളില്‍നിന്ന‌് സിംഹളരെ മനുഷ്യക്കടത്തിനായി റിക്രൂട്ട‌് ചെയ‌്തത‌്. കേരള പൊലീസ‌് ഡല്‍ഹിയിലെത്തിയതോടെ മുങ്ങിയ മൂവരും ശ്രീലങ്കയിലേക്ക‌് കടന്നതായാണ‌് പൊലീസ‌് സംശയിക്കുന്നത്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍നിന്ന‌് പിടികൂടിയ പ്രഭുവിനെ ചോദ്യം ചെയ‌്തപ്പോഴാണ‌് പൊലീസിന‌് ശ്രീലങ്കന്‍ സംഘത്തെക്കുറിച്ച‌് വിവരം ലഭിച്ചത‌്. പ്രഭുവിനെ കൊച്ചിയിലെ ഒരു കേന്ദ്രത്തില്‍ കേരള പൊലീസ‌്, ഐ.ബി, നേവല്‍ ഇന്റലിജന്‍സ‌്, തമിഴ‌്നാട‌് പൊലീസിന്റെ ക്യൂ ബ്രാഞ്ച‌് എന്നിവ സംയുക്തമായി ചോദ്യംചെയ‌്തു.
ഓസ‌്ട്രേലിയയിലേക്ക‌് ബോട്ടില്‍ കടന്ന 75 പേരുടെ പട്ടിക പൊലീസ‌് തയ്യാറാക്കി വരുന്നുണ്ട്. ഇവരുടെ ഫോട്ടോയടക്കം ഉള്‍പ്പെടുത്തിയുള്ള പട്ടിക ഓസ‌്ട്രേലിയന്‍ ഫെഡറല്‍ പൊലീസിന‌് കൈമാറാനാണ് സാധ്യത. അതേസമയം ബോട്ടില്‍ കയറാനാകാതെ മടങ്ങിയ 50 പേരുടെ പട്ടികയും തയ്യാറാക്കാനാണ് പോലീസ് തീരുമാനം. ഓസ‌്ട്രേലിയയിലേക്ക‌് പോയ ബോട്ട‌് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ആകാശ നിരീക്ഷണം നേവി തുടരുകയാണ്.